വിശ്വാസം സംരക്ഷിക്കും, കേരളത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകും: മന്ത്രി വി.മുരളീധരന്‍

ന്യൂഡല്‍ഹി: മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായ അധികാരമേറ്റതിന് ശേഷം കേരളത്തെക്കുറിച്ച് പ്രതികരണവുമായി വി.മുരളീധരന്‍.കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമമുണ്ടാകുമെന്നും. ശബരിമല വിശ്വാസസംരക്ഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വോട്ടിങ് ശതമാനം ഉയരാതിരുന്നത് പാര്‍ട്ടി പരിശോധിക്കുമെന്നും ഓരോ കാലഘട്ടത്തിലും ഒരോ സാഹചര്യത്തിലാണ് വോട്ടിങ് ശതമാനം കൂടുകയും കുറയുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് മുന്നേറ്റം ഉണ്ടായില്ലെന്ന് പറയാന്‍ സാധിക്കില്ല. പല സ്ഥലത്തും മുന്നേറ്റമുണ്ടായിട്ടുണ്ട്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ വോട്ട് വലിയതോതില്‍ വര്‍ധിച്ച സ്ഥലങ്ങളുണ്ട്. ചില സ്ഥലങ്ങളില്‍ അത്രയുണ്ടായിട്ടില്ല. ഇതിന്റെ കാരണം എല്ലാവര്‍ക്കും അറിയാം. ബി ജെ പിക്ക് വിജയസാധ്യതയില്ലെന്ന് കരുതിയ ആളുകള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തിട്ടുണ്ട്- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ കേന്ദ്ര-കേരള തര്‍ക്കത്തില്‍ പകച്ചുനില്‍ക്കില്ലെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസ സംരക്ഷണം പാര്‍ട്ടി നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപി അധികാരത്തിലേറുന്ന കാലം വിദൂരമല്ലന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വം പൂര്‍ണമായി തനിക്ക് ഒപ്പമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയോട് അകല്‍ച്ചയെന്നത് ഈതിപ്പെരുപ്പിച്ച കഥകളാണ്. സംഘടനാ തര്‍ക്കങ്ങള്‍ ജനാധിപത്യപാര്‍ട്ടിയില്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭയില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിട്ടാണ് വി മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിലെ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു വി മുരളീധരന്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എംപിയായാണ് മുരളീധരന്‍ പാര്‍ലമെന്റില്‍ എത്തിയത്.

ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരന്‍. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി മുരളീധരന്‍ ഏറെ കാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മഹാരാഷ്ട്രയില്‍ നിന്ന് വി മുരളീധരന്‍ രാജ്യസഭയിലേക്ക് എത്തിയത് .

Top