centre wants ration shops to become micro atms

റേഷന്‍ കടകളില്‍ ഉപഭോക്താവിനായി ബയോ മെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നതിനൊപ്പം മിനി എടിഎം കൂടി സജ്ജീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതോടെ ഭക്ഷ്യഭദ്രതാ നിയമം പൂര്‍ണമായി നടപ്പാക്കുന്നതോടൊപ്പം കേരളത്തിലെ 14,500 റേഷന്‍ കടകള്‍ മിനി എടിഎമ്മുകളായി മാറും.

ബയോ മെട്രിക് സംവിധാനത്തിനായി ഉപയോഗിക്കുന്ന ഇപോസ് (ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍) യന്ത്രത്തില്‍ തന്നെ മിനി എടിഎം ക്രമീകരിക്കാനാണു തീരുമാനം.

ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായുള്ള സാങ്കേതിക സജ്ജീകരണങ്ങള്‍ കേരളത്തിലെ റേഷന്‍ കടകളില്‍ ഇനിയും പൂര്‍ത്തിയാകാനിരിക്കുന്നതിനാല്‍ കേരളത്തിനിത് അധികച്ചെലവ് ആകില്ല.

ഉപഭോക്താവിന്റെ ബയോ മെട്രിക് രേഖകള്‍ ഉപയോഗിച്ചു പരിശോധിച്ചാല്‍ ഓരോ കാര്‍ഡിന്റെയും റേഷന്‍ വിഹിതം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന ഇപോസ് മെഷീന്‍ റേഷന്‍ കടകളില്‍ സ്ഥാപിക്കണമെന്നു ഭക്ഷ്യഭദ്രതാ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതിനു പുറമേയാണ് ഇപോസ് മെഷീനുകള്‍ മിനി എടിഎമ്മുകളായിക്കൂടി മാറ്റുന്നത്.

മിനി എടിഎം സ്ഥാപിക്കുന്നതോടെ ഉപഭോക്താവിന് റേഷന്‍ കട വഴി ബാങ്ക് അക്കൗണ്ടില്‍നിന്ന് നിശ്ചിത തുക പിന്‍വലിക്കാം. മേല്‍നോട്ടച്ചുമതല എസ്ബിഐ യെയാണ് ഏല്‍പിച്ചിരിക്കുന്നത്. റേഷന്‍ വ്യാപാരിക്ക് ഓരോ ഇടപാടിനും അതതു ബാങ്കുകള്‍ കമ്മിഷന്‍ നല്‍കും.

റേഷന്‍ വ്യാപാരികള്‍ക്ക് ഇതൊരു വരുമാന മാര്‍ഗം കൂടിയാകും. ഗ്രാമീണ മേഖലകളില്‍ എടിഎം സ്ഥാപിച്ചു പ്രവര്‍ത്തിപ്പിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാകുമെന്നതിനാല്‍ ബാങ്കുകള്‍ക്കും ലാഭകരമാണ്.

മെഷീന്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള കമ്പനികള്‍ക്കായി പ്രീ ബിഡ് യോഗവും ടെന്‍ഡറും ഉടനുണ്ടാകും. ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ്, നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ മേധാവി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയാണു വിതരണക്കാരെ തിരഞ്ഞെടുക്കുന്നത്.

ഇപോസ് മെഷീനുകളുടെ പ്രവര്‍ത്തനത്തിന് ഇന്റര്‍നെറ്റ് കണക്ടിവിറ്റി അത്യാവശ്യമായതിനാല്‍ ഗ്രാമീണ മേഖലകളിലെ റേഷന്‍ കടകളില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടായേക്കുമെന്ന ആശങ്കയുണ്ട്. ഇതിനു പരിഹാരം കണ്ടെത്തുന്നതിന് കണക്ടിവിറ്റി സര്‍വേ നടത്താന്‍ ഐടി മിഷനെ ചുമതലപ്പെടുത്തി.

Top