കേന്ദ്ര നിരീക്ഷണം സര്‍ക്കാരിന് ബോധ്യമാകാന്‍ മഹാപ്രളയം വേണ്ടിവന്നു . . !

തിരുവനന്തപുരം: പ്രളയ സാധ്യതകള്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ദേശീയ ഭൗമ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്‌. ഭൂപ്രകൃതി അനുസരിച്ച് 5642 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് സജീവ പ്രളയ സാധ്യതാ പ്രദേശമായി കണക്കാക്കിയിട്ടുള്ളത്.

ഇതിനും പുറമേ 1847.98 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് മണ്ണിടിച്ചില്‍ ഉണ്ടായേക്കാമെന്നും ഭൗമ നിരീക്ഷണ കേന്ദ്രം 2009ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഉപഗ്രഹ ചിത്രങ്ങള്‍, കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍, പ്രാദേശിക സര്‍വ്വേ വിവരങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പ്രളയമുണ്ടായ സാഹചര്യത്തില്‍ വീണ്ടും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഭൗമനിരീക്ഷണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തുടര്‍ച്ചയായ മൂന്ന് വര്‍ഷത്തെ നിരീക്ഷണത്തിനൊടുവില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നേരത്തെ പരിഗണിച്ചിരുന്നില്ല എന്നും ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ട്.

കുട്ടനാട് ഉള്‍പ്പടെ ആലപ്പുഴ ജില്ലയിലെ 53.77 ശതമാനം സ്ഥലമാണ് അതീവ പ്രളയ സാധ്യതാ പ്രദേശങ്ങളായി കണക്കാക്കിയിട്ടുള്ളത്.

എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങള്‍, തൃശ്ശൂരിലെ കരിനിലങ്ങള്‍, മലപ്പുറം, മാനന്തവാടി പുഴയോട് ചേര്‍ന്ന പ്രദേശങ്ങള്‍, കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ ഭാഗം എന്നിവിടങ്ങള്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

മാത്രമല്ല, ദേവികുളം, വൈത്തിരി, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, റാന്നി താലൂക്കുകളില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളാണെന്നും കേന്ദ്രത്തിന്റെ നീരീക്ഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top