നെഹ്റു കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചു; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തിലെ അംഗങ്ങള്‍ക്ക് നല്‍കിയിരുന്ന എസ്പിജി സുരക്ഷ കേന്ദ്രം എടുത്തുകളഞ്ഞു. മൂന്ന് പേര്‍ക്കും ഇനി സിആര്‍പിഎഫ് സൈനികരുടെ നേതൃത്വത്തിലുള്ള ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുക.

എസ്പിജി സുരക്ഷ പിന്‍വലിച്ച വിവരം കേന്ദ്രസര്‍ക്കാര്‍ ഗാന്ധി കുടുംബത്തെ അറിയിച്ചു. ഇവരുടെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുക്കുന്ന മുറയ്ക്ക് എസ്പിജി അംഗങ്ങളെ പിന്‍വലിക്കും.

എസ്പിജി സുരക്ഷ പിന്‍വലിക്കുന്നതിനെതിരേ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. അടുത്തിടെ നടന്ന സുരക്ഷാ വിലയിരുത്തലിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്നുപേര്‍ക്കും നല്‍കിയിട്ടുള്ള എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എസ്പിജി സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ തടസ്സം നില്‍ക്കുന്നുവെന്ന പരാതി ഉദ്യോഗസ്ഥ തലത്തില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

അതേസമയം ഇനിമുതല്‍ എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കു മാത്രമായിരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Top