ലോക്ക്ഡൗണ്‍; 193 പാക് പൗരന്മാര്‍ക്ക് കൂടി തിരിച്ചു പോകാന്‍ അനുമതി നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ 193 പാക് പൗരന്മാര്‍ക്ക് കൂടി തിരിച്ചുപോവാന്‍ കേന്ദ്രം അനുമതി നല്‍കി. പത്ത് സംസ്ഥാനങ്ങളിലെ25 ജില്ലകളിലായുള്ള ഇവരുടെ യാത്രയ്ക്കാവശ്യമായ നടപടികള്‍ ചെയ്തുകൊടുക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

മെയ് അഞ്ചിന് ഇവരെ അടാരി-വാഗ അതിര്‍ത്തിയില്‍ എത്തിക്കണമെന്നാണ് നിര്‍ദേശം.ബംഗാള്‍, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവടങ്ങളില്‍ കുടുങ്ങിയ 193 പേരാണ് ഈ ഘട്ടത്തില്‍ തിരിച്ചുപോവുന്നത്.

ലോക്ക് ഡൗണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ പോയ തങ്ങളുടെ പൗരന്മാരുടെ യാത്ര സുഗമമാക്കാന്‍ സഹായിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷന്‍ വിദേശകാര്യമന്ത്രാലയം അധികൃതരെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് നടപടി ആരംഭിച്ചത്.
ഏപ്രിലില്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പാക് പൗരന്മാരെ ഇന്ത്യ പരിശോധനകള്‍ക്ക് ശേഷം തിരിച്ചയച്ചിട്ടുണ്ട്.

Top