ബിബിസിയുടെ വിവാദ ഡോക്യുമെന്ററി: ലിങ്ക് നീക്കം ചെയ്യണം, യൂട്യൂബിനും ട്വിറ്ററിനും കേന്ദ്ര നിര്‍ദേശം 

ഡൽഹി: ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യാൻ കേന്ദ്ര നിർദേശം. യൂട്യൂബിനും ട്വിറ്ററിനുമാണ് നിർദേശം നൽകിയത്. യൂട്യൂബ് വിഡിയോകളിലേക്കുള്ള ലിങ്കുകൾ അടങ്ങിയ 50-ലധികം ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരാവകാശ പ്രവർത്തകർ അടക്കം നിരവധിപ്പേർ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു.

ഡോക്യുമെന്ററിക്കെതിരെ മുൻ ജഡ്ജിമാരും രം​ഗത്തെത്തിയിരുന്നു. ഡോക്യുമെന്ററി കൊളോണിയൽ മനോനിലയിൽ നിന്ന് പിറവിയെടുത്തതാണെന്നും ഇന്ത്യൻ ഇനാധിപത്യത്തോടുള്ള വെല്ലുവിളിയെന്നും പ്രസ്താവനയിറക്കി. രഹസ്യാന്വേഷണ ഏജൻസി “റോ”യുടെ മുൻ മേധാവി ഉൾപ്പെടെയുള്ളവരും പ്രസ്താവനയിൽ ഒപ്പിച്ചു.

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നും ബിബിസി ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. “ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും അട്ടിമറിക്കുകയും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തെയും രാജ്യത്തിനകത്തുള്ള പൊതു ക്രമത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതായും കണ്ടെത്തി,” കേന്ദ്ര വൃത്തങ്ങൾ പറഞ്ഞു.

Top