‘കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു’; കെ എൻ ബാലഗോപാൽ 

വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ പ്രതികരിച്ച് ധനമന്ത്രി. നടപടിയിൽ ആശങ്ക അറിയിച്ച് കേന്ദ്രധനകാര്യമന്ത്രിക്ക് കത്ത് നൽകി കെഎൻ ബാലഗോപാൽ. കേരളത്തിന് അവകാശപ്പെട്ട കാര്യമാണ് കേന്ദ്രം ഇല്ലാതാക്കുന്നത്. സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയെ ദുർബലപ്പെടുത്തുകയെന്നത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്. ഇക്കാര്യത്തിൽ ഇതേ അഭിപ്രായമുള്ള മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് മുന്നോട്ട് പോകാമെന്ന നിലപാടാണ് കേരളത്തിന്റേത് എന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി-സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ബാധ്യതകള്‍ ബജറ്റിന്റെ ഭാഗമാക്കണമെന്ന കേന്ദ്ര നയത്തെ പിന്തുണച്ച് സംസ്ഥാന ധനകാര്യ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗിന്റെ അഭിപ്രായം അടങ്ങുന്ന ലേഖനം കണ്ടിട്ടില്ലെന്നും ധനമന്ത്രി പറ‍ഞ്ഞു. ധനകാര്യ സെക്രട്ടറിക്ക് എതിർ അഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല. ലേഖനം വായിച്ചിട്ട് മറുപടി നൽകാമെന്നും മന്ത്രി അറിയിച്ചു. കെ റെയിൽ പദ്ധതിക്ക് അനുമതി തരാൻ കേന്ദ്രം ബാധ്യസ്ഥരാണെന്ന നിലപാട് ആവ‍ര്‍ത്തിച്ച ധനമന്ത്രി, അനുമതി തന്നാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്നും വിശദീകരിച്ചു.

Top