കോവിഡ് കൈകാര്യം ചെയ്തതില്‍ ഈ നാല് നഗരങ്ങള്‍ മാതൃകയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥ പുനരാരംഭിക്കാന്‍ നീങ്ങുമ്പോള്‍ കോവിഡ് വ്യാപനം കൈകാര്യം ചെയ്തതില്‍ മാതൃകയായ നാല് നഗരങ്ങളെ പട്ടികയില്‍ പെടുത്തി കേന്ദ്രം.ജയ്പൂര്‍, ഇന്‍ഡോര്‍, ചെന്നൈ, ബെംഗളൂരു എന്നീ നാല് നഗരങ്ങളുടെ പ്രവര്‍ത്തനമികവ് ശ്രദ്ധേയമാണെന്നാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ മുന്‍സിപ്പല്‍ സ്ഥാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കോവിഡിനെ കൈകാര്യം ചെയ്ത രീതി മുന്‍സിപ്പല്‍ ഭരണസ്ഥാപനങ്ങള്‍ വിശദീകരിക്കുകയുണ്ടായി. ഇതുപ്രകാരം മെട്രോപോളിറ്റന്‍ നഗരങ്ങളായ ജയ്പുര്‍, ഇന്‍ഡോര്‍ എന്നീ നഗരങ്ങള്‍ കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്ത രീതി, ചെന്നൈ, ബെംഗളൂരു നഗരങ്ങള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടായിട്ടും മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു എന്നീ കാര്യങ്ങളില്‍ മാതൃകയാണെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്.

രാജ്യത്തെ പല മുന്‍സിപ്പാലിറ്റികളും കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പലതരം വെല്ലുവിളികള്‍ നേരിടുന്നുണ്ട്.ഉയര്‍ന്ന രോഗ സ്ഥിരീകരണ നിരക്ക്, ഉയര്‍ന്ന മരണനിരക്ക് ,സമ്പര്‍ക്കത്തെ നിരീക്ഷിക്കുന്നതിലെ കാര്യക്ഷമതക്കുറവ്
തുടങ്ങിയ പല വെല്ലുവിളികളും നഗരങ്ങള്‍ നേരിടുന്നുണ്ട്.

അതേസമയം കണ്ടെയ്‌നര്‍ സോണുകളുടെ പരിധി നിയന്ത്രണം, ബഫര്‍ സോണുകളുടെ മാപ്പിംഗ്, വീടുതോറുമുള്ള നിരീക്ഷണം എന്നിവയ്ക്ക് കൂടുതല്‍ ഫലപ്രദമായ മാനേജ്‌മെന്റ് ആവശ്യമാണ്.

എന്നാല്‍ ഇന്‍ഡോര്‍, ജയ്പൂര്‍ എന്നീ നഗരങ്ങള്‍ വളരെ കാര്യക്ഷമമായി വീടുതോറുമുള്ള സര്‍വേകളും കോണ്‍ടാക്റ്റ് ട്രെയ്സിംഗും ഓരോ ഹൗസിങ് ലെയ്‌നുകള്‍ തോറും പട്രോളിങ് സംഘത്തെ നിയോഗിച്ച് നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്തു.

ചെന്നൈയിലും ബംഗളൂരുവിലും ധാരാളം കോവിഡ് കേസുകള്‍ ഉണ്ട്, പക്ഷേ മരണനിരക്ക് വെറും 1% ആയി നിലനിര്‍ത്താന്‍ കഴിഞ്ഞു. ഇത് രാജ്യത്തെ മറ്റ് നഗരപ്രദേശങ്ങല്‍ക്ക് മാതൃകയാണെന്നും കേന്ദ്രം വിശദീകരിക്കുന്നു.

Top