ഉദ്ധവ് ഇളയസഹോദരനാണ്, കാത്തേക്കണം; മോദിയോട് സേനയുടെ ഉപദേശം

താക്കറെ കുടുംബത്തില്‍ നിന്നും ആദ്യമായി ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലേക്ക് കാലെടുത്ത് വെച്ചതിന് പിന്നാലെ മുന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന്റെ തെറ്റുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ശിവസേന. സേനയുടെ മുഖപത്രമായ സാമ്‌നയിലാണ് ത്രികക്ഷി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ആളല്ലെന്നും മഹാരാഷ്ട്രയോടുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്നും സേന ആവശ്യപ്പെടുന്നു.

‘മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കുള്ള ആശ്വാസം കേന്ദ്ര സര്‍ക്കാരില്‍ നിന്നും വരണം. മഹാരാഷ്ട്രയില്‍ ശിവസേനയും, ബിജെപിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ഉദ്ധവ് താക്കറെയും, മോദി ജിയും സഹോദരങ്ങളെ പോലെയാണ്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ ആ ഇളയ സഹോദരനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തരവാദിത്വമുണ്ട്’, സാമ്‌ന ആമുഖപ്രസംഗത്തില്‍ കുറിച്ചു.

‘പ്രധാനമന്ത്രി ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ ആളല്ല, മുഴുവന്‍ രാജ്യത്തിന്റേതുമാണ്. മഹാരാഷ്ട്രയിലെ ജനങ്ങളുടെ തീരുമാനം ഡല്‍ഹി അംഗീകരിക്കണം. ഞങ്ങളുടെ ശക്തി ഡല്‍ഹിക്ക് കാണിച്ച് കൊടുത്തുകഴിഞ്ഞു. ഡല്‍ഹിക്ക് കൂടുതല്‍ പണം നല്‍കുന്നത് മഹാരാഷ്ട്രയാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥ മുംബൈയില്‍ അധിഷ്ഠിതമാണ്. ഏറ്റവും കൂടുതല്‍ തൊഴിലും മുംബൈ നല്‍കുന്നു. അതിര്‍ത്തിയിലും സംഭാവനകള്‍ ചെയ്യുന്ന മഹാരാഷ്ട്രയ്ക്ക് ബഹുമാനം നല്‍കണം’, ശിവസേന അവകാശപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് പഴയ സഖ്യകക്ഷികളായ ബിജെപിയും, ശിവസേനയും തമ്മില്‍ അകന്നത്. ഇപ്പോള്‍ ചിരവൈരികളായ എന്‍സിപിക്കും, കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്നാണ് സേന സര്‍ക്കാര്‍ രൂപീകരിച്ചത്.

Top