കൊറോണ ഭീതി ബിജെപിയുടെ ‘ശ്രദ്ധതിരിക്കല്‍’ തന്ത്രം; ആരോപണവുമായി ദീദി

പുതിയ കൊറോണാവൈറസ് പിടിപെടുന്നവരുടെ എണ്ണമേറിയതോടെ രാജ്യം ആശങ്കയോടെ ഉറ്റുനോക്കുകയാണ്. എന്നാല്‍ കൊറോണാവൈറസിനെ പൊക്കിപ്പിടിച്ച് ഡല്‍ഹി കലാപങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അവകാശവാദം.

‘ഡല്‍ഹി കലാപത്തില്‍ എത്ര പേര്‍ യഥാര്‍ത്ഥത്തില്‍ മരിച്ചെന്ന് ആര്‍ക്കും അറിയില്ല. യഥാര്‍ത്ഥ ‘കൊറോണയെ’ മറവിയിലേക്ക് മാറ്റാന്‍ അവര്‍ ടിവി ചാനലുകള്‍ ഉപയോഗിച്ച് ഹൈപ്പ് സൃഷ്ടിക്കുകയാണ്. എത്ര പേര്‍ മരിച്ചെന്ന് ആളുകള്‍ ചോദിക്കാതിരിക്കാനാണ് ഇത്. പിന്നെ എങ്ങിനെ നീതി ലഭിക്കും?’, മമതാ ബാനര്‍ജി ചോദിച്ചു.

ബംഗാളില്‍ ഒരു വ്യക്തിയെ എലി കടിച്ചാല്‍ പോലും സിബിഐ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെടും. ഇവിടെ ഇത്രയധികം പേര്‍ കൊല്ലപ്പെട്ടിട്ടും ഒരു ജുഡീഷ്യല്‍ അന്വേഷണം പോലും നടക്കുന്നില്ല. ഒരു സുപ്രീംകോടതി ജഡ്ജി നയിക്കുന്ന ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്’, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നടന്ന കലാപങ്ങളില്‍ പെട്ട് കാണാതായ 700 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നും ഒരു റാലിയില്‍ മമത അവകാശപ്പെട്ടു. ‘ഡല്‍ഹിയിലെ സ്ഥിതി ദുസ്സഹമാണ്‌ മൃതശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. നിരവധി പേര്‍ ഭവന രഹിതരായി. മൃതദേഹങ്ങള്‍ ഓടകളില്‍ നിന്ന് കണ്ടെത്തുന്നു. 700 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല’, മമതാ ബാനര്‍ജി ആരോപിച്ചു.

ഡല്‍ഹിയിലെ കലാപങ്ങള്‍ കൂട്ടക്കൊലയാണെന്നും കലാപങ്ങളെന്ന് വിശേഷിപ്പിക്കരുതെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുടെ വാദം.

Top