ലോക് ഡൗണ്‍ നീട്ടണമെന്ന് സംസ്ഥാനങ്ങള്‍; പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 23ന് അര്‍ധരാത്രി മുതലാണ് രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.
ഇത് ഏപ്രില്‍ 14 അര്‍ധരാത്രി അവസാനിക്കും.

അതേസമയം, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, അസം, തെലങ്കാന, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ ഏഴ് സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സമൂഹവ്യാപനത്തിലേക്ക് വൈറസ് വ്യാപനം പോകുന്നുണ്ടോയെന്ന ആശങ്കയുമാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് പിന്നില്‍. ലോക്ക് ഡൗണില്‍ ഒറ്റയടിക്ക് ഇളവ് വരുത്തിയാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഘട്ടംഘട്ടമായി പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇതിനോടകം 114 പേര്‍ മരിച്ചു. നാലായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗവും റിപ്പോര്‍ട്ട് ചെയ്തത്.

Top