കേരളത്തിലെ നാല് നദികളിൽ പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മിഷൻ

തിരുവനന്തപുരം: കേരളത്തിലെ നാലു നദികളിൽ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷൻ. മീനച്ചലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ എന്നീ നാലു നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്. ഈ പറഞ്ഞ നാല് നദികൾ ഉൾപ്പടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു വരുകയാണ്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി, ഇടമലയർ ഡാമുകളിൽ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്ര ജല കമ്മിഷൻ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് 8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ( ഓഗസ്റ്റ് നാല്) കർണാടക തീരങ്ങളിൽ നാളെ വരെയും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചിലയവസരങ്ങളിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Top