തമിഴ്‌നാടിന്റെ തന്നിഷ്ടം; കേരളത്തിന്റെ പരാതിയില്‍ വിശദീകരണം തേടി കേന്ദ്രം

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാടിനോട് വിശദീകരണം തേടി കേന്ദ്ര ജലകമ്മിഷന്‍. കേരളം ഉന്നയിച്ച ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെതിരെയാണ് കേരളം പരാതി നല്‍കിയത്.

വസ്തുതാ വിശദീകരണം നല്‍കാന്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് ജലകമ്മിഷന്‍ നിര്‍ദേശിച്ചു. അണക്കെട്ടുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെ ബാധിക്കുന്ന തരത്തിലാണ് തമിഴ്നാടിന്റെ നീക്കം.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നതില്‍ തമിഴ്‌നാടിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശങ്ക അറിയിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ആശങ്കയറിച്ചത്. മുന്നറിപ്പില്ലാതെയാണ് രാത്രിയിലും അതിരാവിലെയുമായി ഷട്ടറുകള്‍ തുറന്നത്. ഇത് നദീതീരത്ത് താമസിക്കുന്ന ജനങ്ങളെ ദുരിതത്തിലാക്കി എന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

വേണ്ടത്ര മുന്നറിപ്പ് നല്‍കിയും കൂടിയാലോചനക്ക് ശേഷവും ഷട്ടറുകള്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പകല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കാവൂ. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ നേരിടാന്‍ അയല്‍ സംസ്ഥാനങ്ങളെന്ന നിലയില്‍ യോജിച്ചുള്ള പദ്ധതികള്‍ ആവശ്യമെന്നും കത്തില്‍ മുഖ്യമന്ത്രി പറയുന്നു.

Top