പി.സി ജോർജിന്റെ സുരക്ഷക്കായി വരുന്നു … കേന്ദ്ര സുരക്ഷാ സേന ! !

ന്യൂഡൽഹി: മുൻ കേരള ചീഫ് വിപ്പും എം.എൽ.എയുമായിരുന്ന പി.സി ജോർജിന് കേന്ദ്ര സേനയുടെ സുരക്ഷ ഉറപ്പാക്കാൻ നീക്കം.വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ പി.സി ജോർജ് വലിയ തോതിൽ ഭീഷണി നേരിടുന്നുണ്ടെന്ന ഐ.ബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ സുരക്ഷ ഏർപ്പാടാക്കാൻ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ പി.സി ജോർജിന്റെ കൂടി താൽപ്പര്യം അറിഞ്ഞാൽ തീരുമാനവും തുടർന്നുണ്ടാകുമെന്നാണ് സൂചന. മുൻപ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സി.ആർ.പി.എഫ് സുരക്ഷയാണ് കേന്ദ്രം ഏർപ്പെടുത്തിയിരുന്നത്. പി.സി ജോർജിന് കൂടുതൽ ശക്തമായ സുരക്ഷ ലഭിക്കാനാണ് സാധ്യത.

ഇടതുപക്ഷ സർക്കാർ നിയന്ത്രിക്കുന്ന കേരള പൊലീസിനേക്കാൾ, പി.സി ജോർജിന് ഇപ്പോൾ വിശ്വാസം കേന്ദ്ര സേനയോട് തന്നെയാണ്. പി.സി ജോർജിന് കേന്ദ്ര സർക്കാർ സുരക്ഷ ഒരുക്കണമെന്നതാണ് സംഘപരിവാർ സംഘടനകളുടെയും നിലപാട്. പി.സി ജോർജിനെ രാഷ്ട്രീയമായി പരമാവധി ഉപയോഗിക്കാൻ തന്നെയാണ് ബി.ജെ.പിയുടെ നീക്കം. അദ്ദേഹത്തെ കേരളത്തിലെ എൻ.ഡി.എ തലപ്പത്ത് കൊണ്ടുവരണമെന്ന നിലപാട് ദേശീയ നേതൃത്വത്തിനുമുണ്ട്. അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ പി.സി ജോർജിനെ ഉപയോഗിച്ച് ക്രൈസ്തവ വോട്ടുകളിൽ മാത്രമല്ല, ഹൈന്ദവ വോട്ടു ബാങ്കിലും സ്വാധീനമുറപ്പിക്കുക എന്നതു തന്നെയാണ് ബി.ജെ.പി ലക്ഷൃം.

സംഘപരിവാർ സംഘടനകൾ ഇത്രകാലം പറഞ്ഞു നടന്നത്, പി.സി ജോർജ് ഒറ്റതവണ പറഞ്ഞതോടെ തന്നെ വലിയ തരത്തിലുള്ള രാഷ്ട്രീയ പ്രത്യാഘാതമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വിവാദ പരാമർശത്തിന്റെ പേരിലെ കേസും അറസ്റ്റുമെല്ലാം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലും ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. ജോർജിനെ ഹീറോയാക്കി പരിവാർ സംഘടനകൾ ആഘോഷിക്കുന്നതും വ്യക്തമായ കണക്കു കൂട്ടലിൽ തന്നെയാണ്. ഇത്തവണ കാൽലക്ഷത്തിൽ അധികം വോട്ട് പിടിക്കുമെന്നു പറഞ്ഞ ബി.ജെ.പി ഇപ്പോൾ പറയുന്നത് അട്ടിമറി വിജയം തന്നെ നേടുമെന്നതാണ്. ഉപതിരഞ്ഞെടുപ്പ് പ്രചരണ സമാപനത്തിൽ പി.സി ജോർജിനെ ഇറക്കി തരംഗം സൃഷ്ടിക്കാനും ബി.ജെ.പി നീക്കം നടത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് തൃക്കാക്കരയിൽ മറുപടി പറയും എന്ന് ജോർജ് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഹൈന്ദവ , ക്രൈസ്തവ വോട്ടുകളിലെ ഏകീകരണമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. അത്തരം ഒരു വോട്ട് ചോർച്ച ഉണ്ടായാൽ, അത് ഇടതുപക്ഷത്തേക്കാൾ ദോഷം ചെയ്യുക കോൺഗ്രസ്സിനാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, കേരളത്തിലെ നിലവിലെ അവസ്ഥയെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നോക്കി കാണുന്നത്. പാലക്കാട്ടും ആലപ്പുഴയിലും അടുപ്പിച്ചുണ്ടായ കൊലപാതകങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് ഐ.ബി ഉദ്യോഗസ്ഥർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നൽകിയിരിക്കുന്നത്. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി വിളിച്ച മുദ്രാവാക്യത്തെയും കേന്ദ്ര ഏജൻസികൾ നോക്കി കാണുന്നത്. പുതിയ തലമുറയിലേക്ക് വരെ തീവ്ര സ്വഭാവമുള്ള സംഘടനകൾ ‘വർഗ്ഗീയ വിഷം’ കുത്തിവയ്ക്കുന്നത് തുടർന്നാൽ, കേരളത്തിലും അനിഷ്ട സംഭവങ്ങൾ ആവർത്തിക്കുമെന്നതാണ് അവരുടെ മുന്നറിയിപ്പ്.

സമുദായ സ്പർധയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയെന്ന കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് പി.സി ജോർജിനെ പാലാരിവട്ടം പോലീസാണ് അറസ്റ്റു ചെയ്തിരുന്നത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ ജോർജിന്റെ വിവാദ പരാമർശത്തിലാണ് ഈ നടപടി ഉണ്ടായിരുന്നത്. കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും പി.സി ജോർജ് സമാനമായ രീതിയിൽ വിദ്വേഷ പ്രസംഗം നടത്തുകയാണ് ഉണ്ടായത്. തുടർന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയിരുന്നത്.ഇതോടെ ജോർജിന്റെ അറസ്റ്റിന് വഴിയൊരുങ്ങുകയും ചെയ്തു. ജയിലിൽ അടക്കപ്പെട്ട അദ്ദേഹത്തിന് കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഈ ജാമ്യ വ്യവസ്ഥയോട് അദ്ദേഹം എത്രത്തോളം നീതി പുലർത്തും എന്നതാണ് ഇനി കണ്ടറിയേണ്ടത്.

Top