വന്ദേഭാരതിന്റെ കാവിനിറം രാഷ്ട്രീയമില്ല; കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: വന്ദേഭാരതിന് കാവിനിറം നല്‍കിയതില്‍ രാഷ്ട്രീയമില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശാസ്ത്രീയമായാണ് വന്ദേ ഭാരതിന് നിറങ്ങള്‍ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യന്റെ കണ്ണുകള്‍ക്ക് ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്ന നിറങ്ങള്‍ മഞ്ഞയും ഓറഞ്ചുമാണ്. യുറോപ്പിലെ 80 ശതമാനം തീവണ്ടികള്‍ക്കും ഓറഞ്ചോ അല്ലെങ്കില്‍ മഞ്ഞ നിറമോ ആണ് നല്‍കിയിരിക്കുന്നതെന്ന് വൈഷ്ണവ് പറഞ്ഞു. വെള്ളി നിറത്തിനും മഞ്ഞയുടേത് പോലുള്ള തിളക്കമുണ്ട്. എന്നാല്‍, കണ്ണുകള്‍ക്ക് കൂടുതല്‍ ദൃശ്യമാകുന്ന നിറങ്ങള്‍ മഞ്ഞയും ഓറഞ്ചുമാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമില്ല. 100 ശതമാനം ശാസ്ത്രീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാരണം കൊണ്ടാണ് വിമാനങ്ങളുടേയും കപ്പലുകളുടേയും ബ്ലാക്ക് ബോക്‌സ് ഓറഞ്ച് നിറത്തില്‍ നിര്‍മിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ ലൈഫ് ജാക്കറ്റുകളും റെസ്‌ക്യു ബോട്ടുകളും ഓറഞ്ച് നിറത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഇന്ത്യയുടെ ആദ്യ വന്ദേഭാരത് ട്രെയിന്‍ സെപ്റ്റംബര്‍ 24നാണ് സര്‍വീസ് തുടങ്ങിയത്. കാസര്‍കോട്-തിരുവനന്തപുരം റൂട്ടിലായിരുന്നു സര്‍വീസ്.

Top