മണിപ്പൂരിൽ നിഷ്ക്രിയമായ സർക്കാറിന് കേന്ദ്ര സംരക്ഷണം, പ്രതിപക്ഷ സർക്കാറുകൾക്ക് മേൽ ഭീഷണിയും !

ണിപ്പൂർ എന്ന കൊച്ചു സംസ്ഥാനം ശവപ്പറമ്പായി മാറുമ്പോൾ സംസ്ഥാന ഭരണകൂടവും നിലവിൽ പകച്ചു നിൽക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന മണിപ്പൂർ സർക്കാറിനെതിരെ ഇത്രയും വലിയ സംഘർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും നടപടി എടുക്കാത്ത കേന്ദ്ര സർക്കാറിന് ഇനി എന്തിന്റെ പേരിലായാലും രാജ്യത്തെ മറ്റൊരു സംസ്ഥാന സർക്കാറിനെയും പിരിച്ചുവിടാൻ ധാർമ്മികമായും നിയമപരമായും അവകാശമുണ്ടായിരിക്കുകയില്ല.

ഇന്ന് രാജ്യത്ത് ഒരു സംസ്ഥാന ഭരണകൂടം പിരിച്ചു വിടപ്പെടണമെങ്കിൽ അത് ആദ്യം സംഭവിക്കേണ്ടത് മണിപ്പൂരിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ മണിപ്പൂർ സർക്കാർ ദയനീയമായി പരാജയപ്പെട്ടു കഴിഞ്ഞു. ഏറ്റവും ഒടുവിൽ ആഗസ്റ്റ് 4നും മണിപ്പൂരിൽ കൊലപാതകം അരങ്ങേറിയിട്ടുണ്ട്. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് ഈ ഒരൊറ്റ ദിവസം മാത്രം കൊല്ലപ്പെട്ടിരിക്കുന്നത്. തുടർന്ന് നിരവധി വീടുകളും അക്രമികൾ കത്തിക്കുകയുണ്ടായി.

ബിഷ്ണുപൂരില്‍, ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ആയുധപ്പുര കയ്യേറിയ മെയ്‌തെയ് വിഭാഗം വലിയ തോതിലാണ് ആയുധങ്ങള്‍ കവര്‍ന്നിരിക്കുന്നത്. മുന്നൂറിലധികം തോക്കുകളാണ് ജനക്കൂട്ടം കവര്‍ന്നത്. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങളാണിവ. എകെ 47, ഇന്‍സാസ്, എംപി 3 റൈഫിള്‍സ് തുടങ്ങിയവയാണ് ജനക്കൂട്ടം കവര്‍ന്നിരിക്കുന്നത്. ഇതോടൊപ്പം 15,000 വെടിയുണ്ടകളും കൊള്ളയടിച്ചതായി റിപ്പോർട്ടുണ്ട്. അരകിലോമീറ്റര്‍ ദൂരം പ്രഹരശേഷിയുള്ള 7.62 എംഎംഎസ് എല്‍ആറിന്റെ 195 എണ്ണം, ജനക്കൂട്ടം കവര്‍ന്നതായ മറ്റൊരു റിപ്പോര്‍ട്ടും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. 124 ഹാന്‍ഡ് ഗ്രേനേഡുകളും അനവധി ബോംബുകളും അക്രമികൾ തട്ടിയെടുത്തിട്ടുണ്ട്.

വന്‍ തോതില്‍ ആയുധങ്ങള്‍ മെയ്‌തെയ് വിഭാഗത്തിന്റെ കൈവശം എത്തിച്ചേരുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആയുധപ്പുര മെയ്‌തെയ് വിഭാഗം കൊള്ളയടിച്ച വാർത്തയും പുറത്തു വന്നിരിക്കുന്നത്. ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള പൊലീസ് ശ്രമങ്ങള്‍ വിഫലമായതാണ് വമ്പൻ കൊള്ളയടിക്ക് വഴിയൊരുക്കിയിരിക്കുന്നത്. പൊലീസ് 327 റൗണ്ട് ആകാശത്തേക്ക് വെടിവെച്ചെങ്കിലും ജനക്കൂട്ടം പിന്മാറാൻ തയ്യാറായിരുന്നില്ല. സ്ത്രീകളടക്കം ആഞ്ഞൂറിലേറെ വരുന്ന സംഘമാണ് വാഹനങ്ങളുടെ അകമ്പടിയോടെ പൊലീസ് ക്യാമ്പിലേക്ക് ഇടിച്ചു കയറിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മണിപ്പൂരിൽ ഇരു വിഭാഗവും ആയുധങ്ങള്‍ സംഭരിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതൽ സ്‌ഫോടനാത്മകമാക്കുന്നുണ്ട്. ബിഷ്ണുപൂരിലും ബിജോയ്പൂരിലും ആയിരക്കണക്കിന് വരുന്ന മെയ്‌തെയ് ജനക്കൂട്ടമാണ് ആക്രമണത്തിന് തയ്യാറായി നില്‍ക്കുന്നത്. ഇംഫാല്‍-മോറെ ഹൈവേയില്‍ മൂവായിരത്തോളം വരുന്ന മെയ്‌തെയ് സംഘമാണ് ആക്രമണത്തിന് തയ്യാറായി നില്‍ക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിജോയ്പൂരില്‍ തമ്പടിച്ചിരിക്കുന്ന അക്രമകാരികളെ പിരിച്ചുവിടാന്‍ മണിപ്പൂര്‍ പൊലീസ് അസം റൈഫിള്‍സ് ബ്രിഗേഡിയന്റെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്.

ഇരുവിഭാഗവും ബങ്കറുകള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ ശക്തമാക്കുന്നതിനിടയിലാണ് മെയ്‌തെയ് വിഭാഗം വന്‍ തോതില്‍ ആയുധങ്ങള്‍ സംഭരിച്ചിരിക്കുന്നത്. ഇംഫാല്‍ വെസ്റ്റ്-കാങ്‌പോക്പി ബിഷ്ണുപൂര്‍-ചുരാചന്ദ്പൂര്‍ അതിര്‍ത്തികളിലാണ് ഇരുവിഭാഗങ്ങളും ബങ്കറുകള്‍ കേന്ദ്രീകരിച്ച് പോരാട്ടം തുടരുന്നത്. നേരത്തെ കുക്കി വിഭാഗത്തിന്റെ കൂട്ട ശവസംസ്‌കാരം തടയുന്നതിനായി എത്തിയ മെയ്‌തെയ് ജനക്കൂട്ടം അര്‍ദ്ധ സൈനിക വിഭാഗവുമായി ഏറ്റുമുട്ടിയിരുന്നു. കുക്കി ബങ്കറില്‍ നിന്ന് കഴിഞ്ഞ ദിവസം വെടിയേറ്റ് ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നതും മെയ്‌തെയ് വിഭാഗക്കാരനായ ഗ്രാമസംരക്ഷണ സോനംഗത്തിനും വെടിയേറ്റതും മേഖലയിൽ വലിയ ആശങ്കയാണ് പടർത്തിയിരിക്കുന്നത്.

പുറത്ത് വന്ന കണക്കുകൾക്കും എത്രയോ ഇരട്ടിയാണ് മണിപ്പൂരിലെ നാശനഷ്ടങ്ങൾ. ഇനിയും തിരിച്ചറിയാത്ത നിരവധി മൃതദേഹങ്ങളാണ് ചിതറി കിടക്കുന്നത്. മണിപ്പൂർ ജനതയാണ് പരസ്പരം തമ്മിലടിച്ചു കൊല്ലപ്പെടുന്നത്. ഇവിടെ സംസ്ഥാന ഭരണകൂടത്തിനു നോക്കുകുത്തിയുടെ റോൾ മാത്രമാണ് ഉള്ളത്. ഇത്തരമൊരു അസ്ഥിര സർക്കാറിനെ പിരിച്ചുവിടാൻ മടിക്കുന്ന കേന്ദ്ര സർക്കാറിനു പ്രതിപക്ഷം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെ കുറ്റം പറയാനും പിരിച്ചു വിടുമെന്ന് ഭീഷണി മുഴക്കാനും വന്നാൽ ജനങ്ങൾ തന്നെ തുരത്തിയോടിക്കുന്നത് അനുഭവിക്കേണ്ടിയും വരും.

ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ഒറ്റപ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടി “ചുവപ്പ് – ജിഹാദി ഭീകരതക്കെതിരെ” എന്ന മുദ്രാവാക്യമുയർത്തി കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ജനരക്ഷാ മാർച്ച് നടത്തിയ ബി.ജെ.പി ദേശീയ നേതാക്കൾ ആവശ്യപ്പെട്ടിരുന്നത് പിണറായി സർക്കാറിനെ പിരിച്ചു വിടണമെന്നതാണ്. അമിത് ഷായും മറ്റു കേന്ദ്ര മന്ത്രിമാരും മാത്രമല്ല ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും പിണറായി സർക്കാറിനെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ ആ മാർച്ചിൽ പങ്കാളികളായിട്ടുണ്ട്.

ശബരിമല പ്രക്ഷോഭ കാലത്തും കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടതും ഇവിടുത്തെ സംഘപരിവാർ നേതാക്കളാണ്. സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ വന്നപ്പോഴും പിണറായി സർക്കാറിന്റെ രാജിയാണ് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നത്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ രംഗത്തിറക്കി രണ്ടാം പിണറായി സർക്കാറിന് ഭരണ പ്രതിസന്ധി ഉണ്ടാക്കാനും കേന്ദ്രം ശ്രമിക്കുകയുണ്ടായി. കേരളത്തിലെ സ്ഥിതി ഇതാണെങ്കിൽ തൊട്ട അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ കേന്ദ്ര ഏജൻസികളെ ഇറക്കി ഒരു മന്ത്രിയെ തന്നെ അറസ്റ്റ് ചെയ്യിപ്പിച്ചതും കേന്ദ്രത്തിലെ മോദി സർക്കാറാണ്.

ബി.ജെ.പിയുടെ രാഷ്ട്രീയ തീരുമാനമാണ് അവിടെയും നടപ്പാക്കപ്പെട്ടത്. മണിപ്പൂരിൽ കേന്ദ്ര സേനയെ ഫലപ്രദമായി നിയോഗിച്ച് അക്രമത്തെ അടിച്ചമർത്താൻ കഴിയുന്നില്ലങ്കിൽ അത് കേന്ദ്ര സർക്കാറിന്റെ കഴിവുകേടു തന്നെയാണ്. അക്രമം തടയുന്നതിൽ മണിപ്പൂർ സർക്കാർ ഒരു വലിയ പരാജയമാണെന്നതു ഈ ലോകം തന്നെ വിളിച്ചു പറഞ്ഞിട്ടും അത് കേട്ടിലെന്നു നടിക്കുന്നത് മതേതര ഇന്ത്യയിലെ ജനങ്ങളോടുള്ള വലിയ വെല്ലുവിളിയാണ്. അങ്ങനെ വിലയിരുത്താൻ മാത്രമേ ഈ ഘട്ടത്തിൽ കഴിയുകയൊള്ളൂ.

നിഷ്ക്രിയരായ മണിപ്പൂർ സർക്കാറിനെ പിരിച്ചു വിടാൻ ശുപാർശ ചെയ്യുന്നതിനു പകരം നിയമസഭ സമ്മേളനം ആഗസ്റ്റ് 21 ന് ചേരാനാണ് ഗവർണർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. മണിപ്പൂരിൽ സംഘർഷം ആരംഭിച്ചതിനു ശേഷം ഇതാദ്ദ്യമായിട്ടാണ് നിയമസഭാ സമ്മേളിക്കുവാൻ പോകുന്നത്. എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലപാട് സഭയിലും നേതാക്കൾ സ്വീകരിച്ചാൽ അത് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. ഇക്കാര്യത്തിൽ ജനങ്ങൾക്കിടയിലും നിലവിൽ പരക്കെ ആശങ്കയുണ്ട്.

EXPRESS KERALA VIEW

Top