ജയില്‍ വകുപ്പിലും വന്‍ ചട്ടലംഘനങ്ങള്‍; നൂലുകള്‍ വാങ്ങിയതില്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍

തിരുവനന്തപുരം: ജയില്‍ വകുപ്പില്‍ വന്‍ ചട്ടലംഘനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. പൊലീസ് തലപ്പത്തെ ക്രമക്കേടുകള്‍ക്ക് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സെന്‍ട്രല്‍ ജയിലുകളിലെ നിര്‍മാണ യൂണിറ്റിലേക്ക് നൂലുകള്‍ വാങ്ങിയതിലാണ് ചട്ടലംഘനം നടന്നിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര, തുടങ്ങിയ ജയിലുകളിലെ നിര്‍മാണ യൂണിറ്റുകളിലേക്കാണ് സര്‍ക്കാര്‍ അനുമതി ഇല്ലാതെ 26 ലക്ഷം രൂപയുടെ നൂലുകള്‍ വാങ്ങിയത്. കണ്ണൂര്‍ കോപ്പറേറ്റീവ് സ്പിന്നിങ്ങ് മില്ലില്‍ നിന്നാണ് നൂലുകള്‍ വാങ്ങിയത്. പിന്നീട് ജയില്‍മേധാവി സര്‍ക്കാരിന് കത്തയച്ച് ഇക്കാര്യം അറിയിച്ചു.

എന്നാല്‍ ചട്ടലംഘനം നടത്തിയതിന് പ്രത്യേകിച്ച് നടപടികള്‍ എടുക്കാതെ സ്റ്റോര്‍ പര്‍ച്ചേസ് മാനുവല്‍ വരും കാലങ്ങളില്‍ പാലിക്കണം എന്ന മുന്നറിയിപ്പോടെ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഈ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് വിവരം.

Top