വിമത എംഎല്‍എമാർക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര നീക്കം

മുംബൈ: മഹാരാഷ്ട്രയിലെ വിമത എംഎല്‍എമാർക്കും കുടുംബാങ്ങൾക്കും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം. സംസ്ഥാന സർക്കാർ സുരക്ഷ പിൻവലിച്ചതിനു തൊട്ടുപിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം. പ്രതികാരനടപടിയായാണ് ഉദ്ധവ് താക്കറെ സർക്കാർ സുരക്ഷ പിൻവലിച്ചതെന്ന് വിമത നേതാവ് ഏക്നാഥ് ഷിൻഡെ ആരോപണം ഉന്നയിച്ചതിനു തൊട്ടുപിന്നാലെയാണ് 15 വിമത എംഎൽഎമാർക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

വിമത എംഎൽഎമാരുടെ ഓഫിസുകൾ ശിവസേനാ പ്രവർത്തകർ ആക്രമിച്ചതോടെ മുംബൈയിലും താനെയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാജിവയ്ക്കാതെ വിശ്വാസവോട്ടെടുപ്പുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനം. അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏക്നാഥ് ഷിൻഡെയടക്കം 16 ശിവസേനാ വിമത എംഎൽഎമാർക്കു നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടിസ് അയച്ചിരുന്നു. എന്നാൽ വിമത എംഎല്‍എമാർക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള സുരക്ഷ പിൻവലിച്ചുവെന്ന ആരോപണം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിഷേധിച്ചു.

Top