രാജ്യ സുരക്ഷ; പൊലീസിലെ തോക്കുകള്‍ എവിടെ? മുഖ്യന്‍ ഉത്തരം പറയണം

muraleedharan

കോഴിക്കോട്: കേരള പൊലീസില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പരിശോധിച്ച ശേഷം കേന്ദ്രം ഇടപെടുന്ന കാര്യം തീരുമാനിക്കും എന്നാണ് അദ്ദേഹം പറയുന്നത്.

മാത്രമല്ല, ഇത്രയും ഗുരുതരമായ വീഴ്ച പറ്റിയതിന് പിന്നില്‍ ഡിജിപിയോ ഒരു ഉദ്യോഗസ്ഥനോ മാത്രമല്ല തെറ്റുകാരനെന്നും ആഭ്യന്തര വകുപ്പിലെ പലര്‍ക്കും ഇതില്‍ പങ്കുണ്ടാകാമെന്നും മുരളീധരന്‍ വ്യക്തമാക്കി.

വി മുരളീധരന്റെ ഫെയ്‌സ്ബുക്ക്‌ കുറിപ്പ്

ഡിജിപി ക്കും പൊലീസിനു മെതിരായ സി.എ.ജി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുന്നത് സംസ്ഥാന ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയെയാണ്. പൊലീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയറിയുന്നില്ലെന്നാണോ മനസിലാക്കേണ്ടത്? അതോ, മുഖ്യമന്ത്രിയുടെ അനുമതിയോടെ നടന്ന അഴിമതിയാണോ ഇത്?

വിവാദ വിഷയങ്ങളില്‍ പൊലീസിനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കണ്ടാല്‍ ഇടതു മുന്നണിയിലുള്ളവര്‍ക്കു പോലും ഇങ്ങനെ തോന്നിയില്ലെങ്കിലേ അതിശയമുള്ളൂ….

കേരള പൊലീസില് നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. അതങ്ങനെ നിസ്സാരമായി തള്ളിക്കളയാനാകില്ല.ഒരു സംസ്ഥാനത്തും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. ഈ തോക്കുകളും വെടിയുണ്ടകളും തീവ്രവാദ സംഘടനകള്‍ക്കാണോ കൈമാറിയതെന്ന് കണ്ടെത്തണം. ഇടതു മുന്നണിയില്‍ മാവോയിസ്റ്റുകളുണ്ടെന്ന് പന്തീരാങ്കാവ് കേസോടെ വ്യക്തമായതാണ്. ഭീകരവാദികളുമായി പൊലീസിലെ ചിലര്‍ ബന്ധം സ്ഥാപിച്ച വിവരം നേരത്തെ പുറത്തു വന്നിട്ടുള്ളത് ആരും മറന്നിട്ടുണ്ടാകാന്‍ വഴിയില്ല. അപ്പോള്‍, ആ വഴിക്കാണോ ഇനി തോക്കും വെടിയുണ്ടകളും അപ്രത്യക്ഷമായത്? ബാക്കിയാകുന്ന സംശയങ്ങള്‍ അനവധിയാണ്. മുഖ്യമന്ത്രിയുടെ മറുപടി വരട്ടെ, എന്നിട്ടാകാം ബാക്കി!

Top