ഇന്ത്യയില്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് വേണമെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് വേണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. അതേസമയം തന്റെ ആവശ്യം ജാതീയത വളര്‍ത്താന്‍ ലക്ഷ്യം വെച്ചിട്ടുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ വിക്രംഗഡില്‍ ആദിവാസി വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മറ്റുള്ള സംവരണങ്ങളെ ബാധിക്കാത്ത തരത്തില്‍ മഹാരാഷ്ട്ര മറാത്താ വിഭാഗത്തിനും സംവരണം ആവശ്യമെന്നും കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അതാവലെ ആവശ്യപ്പെട്ടു. 2018 ല്‍ മഹാരാഷ്ട്ര നിയമസഭാ പാസ്സാക്കിയ മറാത്ത സംവരണം നല്‍കുന്ന നിയമം നടപ്പാക്കുന്നത് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ”അടുത്ത സെന്‍സസില്‍ വിവിധ ജാതികളെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തണം, അതുവഴി മൊത്തം ജനസംഖ്യയില്‍ അവര്‍ എവിടെ നില്‍ക്കുന്നുവെന്ന് ആളുകള്‍ക്ക് അറിയാന്‍ സാധിക്കും. ജാതീയത വളര്‍ത്തുകയല്ല ഇതിന്റെ ലക്ഷ്യം’ -റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എ) അധ്യക്ഷന്‍ കൂടിയായ മന്ത്രി വ്യക്തമാക്കി.

വരുമാന മാര്‍ഗമില്ലാത്തവര്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം സാധ്യമാക്കുന്നതിനായി അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും ആസ്ഥാനത്ത് ഈ മാസം 25 ന് തന്റെ പാര്‍ട്ടി അഖിലേന്ത്യാ പ്രക്ഷോഭം നടത്തുമെന്നും അത്തേവാല കൂട്ടിച്ചേര്‍ത്തു.

 

Top