വാക്ക് ഒന്ന് പ്രവര്‍ത്തി മറ്റൊന്ന് . . മലപ്പുറത്ത് കോണ്‍ഗ്രസ്സിനെ പുണര്‍ന്ന് സി.പി.ഐ (എം) !

മലപ്പുറം : കോണ്‍ഗ്രസ്സുമായി സഖ്യം വേണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ ശക്തമായ നിലപാടെടുത്ത സംസ്ഥാന നേതൃത്വത്തെ തള്ളി മലപ്പുറത്ത് കോണ്ഡഗ്രസ്സുമായി കൈകോര്‍ത്ത് സി.പി.എം.

ബി.ജെ.പിയെ എതിര്‍ക്കാന്‍ ബംഗാളിലടക്കം ഒരിടത്തും കോണ്‍ഗ്രസ്സുമായി ബന്ധം വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന കമ്മിറ്റിക്കുമുള്ളത്.

എന്നാല്‍ മലപ്പുറം സി.പി.എം നേതൃത്വമാവട്ടെ മുസ്‌ലിം ലീഗിനെതിരെ കോണ്‍ഗ്രസ്സുമായി കൈകോര്‍ത്തിരിക്കുകയാണ് കൊണ്ടോട്ടി നഗരസഭയിലും കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിലും.

കൊണ്ടോട്ടിയില്‍ സി.പി.എം പിന്തുണയില്‍ നഗരസഭ ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്. കരുവാരക്കുണ്ടില്‍ മുസ്‌ലിം ലീഗിനെതിരെ കോണ്‍ഗ്രസ്സ് കൊണ്ടുവന്ന അവിശ്വാസത്തെ സി.പി.എം പിന്തുണച്ച് ലീഗ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കുകയും ചെയ്തു. ഇവിടെ സി.പി.എം സ്വതന്ത്രനെ പഞ്ചായത്ത് പ്രസിഡന്റാക്കാനാണ് കോണ്‍ഗ്രസ്സ് നീക്കം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ ബഹിഷ്‌ക്കരിക്കുമെന്ന് കൊണ്ടോട്ടിയിലെ മുസ്‌ലിം ലീഗ് കമ്മിറ്റി ഭീഷണി മുഴക്കിയിട്ടും സി.പി.എമ്മുമായി ചേര്‍ന്നുള്ള ഭരണം കൈവിടാന്‍ കോണ്‍ഗ്രസ്സ് തയ്യാറായിട്ടില്ല.

കോണ്‍ഗ്രസ്സുമായി ഒരു ബന്ധവുമില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി നിലപാടെടുത്ത ശേഷമാണ് കരുവാരക്കുണ്ടില്‍ കോണ്‍ഗ്രസ്സുമായി സി.പി.എം സഖ്യം ചേര്‍ന്നതും. നേരത്തെ അടവുനയത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പഞ്ചായത്തുകളില്‍ മുസ്‌ലിം ലീഗുമായി സഖ്യം ചേര്‍ന്ന സി.പി.എം ഇപ്പോള്‍ കോണ്‍ഗ്രസ്സിനെയാണ് കൂടെക്കൂട്ടിയിരിക്കുന്നത്.

Top