ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി എടുക്കില്ലെന്ന് കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി എടുക്കില്ലെന്ന് കേന്ദ്ര നേതൃത്വം. കൊവിഡ് വ്യാപനവും ന്യൂനപക്ഷ ഏകീകരണവും തിരിച്ചടിയായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന തലത്തില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷിക്കും ബിജെപി ദേശീയ സംഘടനാ സെക്രട്ടറിക്കും ചില മുതിര്‍ന്ന നേതാക്കള്‍ പരാതി അയച്ചിരുന്നു.

കൊവിഡും ന്യൂനപക്ഷ ഏകീകരണവുമാണ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പുതുതായി വന്ന നേതൃത്വത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പേ കൊവിഡുമായും മറ്റും ബന്ധപ്പെട്ട സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകേണ്ടി വന്നു. സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ സാധിച്ചില്ല.

ബൂത്ത് തലം മുതല്‍ കുത്തഴിഞ്ഞ് കിടന്നിരുന്ന സംഘടനാ സംവിധാനം ശരിയാക്കും മുന്‍പേ തെരഞ്ഞെടുപ്പ് അടുത്തുവന്നു. ഇതെല്ലാമാണ് തോല്‍വിയിലേക്ക് നയിക്കാനുണ്ടായ സാഹചര്യമെന്നും കേന്ദ്രനേതൃത്വം വിലയിരുത്തി. സംസ്ഥാന അധ്യക്ഷന്റെ ഹെലികോപ്റ്റര്‍ യാത്രയും രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചതും കേന്ദ്രത്തിന്റെ തീരുമാനമായിരുന്നു എന്ന് തുറന്നുപറഞ്ഞ നേതൃത്വം കെ.സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചു.

Top