കേന്ദ്ര ഇടപെടൽ, തിയേറ്ററുകളിലെ 100 ശതമാനം പ്രവേശനം പിൻവലിച്ച് തമിഴ്നാട് സർക്കാർ

തിയേറ്ററുകളിലെ 100 ശതമാനം പ്രവേശനം പിന്‍വലിച്ച് തമിഴ്നാട് സര്‍ക്കാർ. കോവിഡ് ഭീതി നിലനില്‍ക്കെ 50 ശതമാനം പ്രവേശനമെന്ന കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് രണ്ടു ദിവസം മുന്‍പ് കത്തയച്ചിരുന്നു. തുടര്‍ന്നു നടന്ന ആഭ്യന്തര ചര്‍ച്ചകള്‍ക്കു ശേഷമാണ് പുതിയ തീരുമാനം വിശദീകരിച്ച് സര്‍ക്കാര്‍ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ഇതുപ്രകാരം തീയേറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമേ പ്രവേശനം അനുവദിക്കാവൂ. അതേസമയം തീയേറ്ററുകള്‍ക്ക് അധിക പ്രദര്‍ശനങ്ങള്‍ നടത്താവുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം അടഞ്ഞുകിടന്നിരുന്ന തമിഴ്നാട്ടിലെ തീയേറ്ററുകള്‍ അടുത്തിടെ തുറന്നിരുന്നുവെങ്കിലും പ്രേക്ഷകര്‍ കാര്യമായി എത്തിയിരുന്നില്ല. പുതിയ റിലീസുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ പൊങ്കല്‍ റിലീസുകളായി എത്താനിരിക്കുന്ന വിജയ്‍യുടെ ‘മാസ്റ്ററും’ ചിലമ്പരശന്‍റെ ‘ഈശ്വരനും’ തീയേറ്ററുകളിലേക്ക് വലിയ തോതില്‍ കാണികളെ തിരികെയെത്തിക്കുമെന്നാണ് കോളിവുഡ് പ്രതീക്ഷിക്കുന്നത്.

തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിക്കണമെന്ന് വിജയ്‍യും ചിലമ്പരശനും സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഒപ്പം സിനിമ തുടങ്ങും മുൻപ് കോവിഡ് പ്രതിരോധ ബോധവത്ക്കരണ വിഡിയോകൾ പ്രദർശിപ്പിക്കണം. ഓൺലൈൻ ബുക്കിംഗ് പ്രോത്സാഹിപ്പിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അനുമതി.

Top