Central Intelligence Agency report

തിരുവനന്തപുരം: കാണാതായ മലയാളികള്‍ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ സ്ഥിരീകരണം. ഇവരില്‍ കാസര്‍ഗോഡ് സ്വദേശികളുടെ ശബ്ദ സന്ദേശങ്ങള്‍ ഇപ്പോഴും ബന്ധുക്കള്‍ക്ക് ലഭിക്കുന്നുണ്ട്.

ഇതു കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന്‍-ഇറാന്‍ അതിര്‍ത്തിയായ തോറാബോറയില്‍ നിന്നാണെന്നാണ് വ്യക്തമായിരിക്കുന്നത്.

ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന അഫ്ഗാനിസ്ഥാന്‍ പ്രദേശം ഐഎസിന്റെ സ്വാധീന മേഖലയാണ്. സന്ദേശങ്ങള്‍ ഇവിടെ നിന്നാണ് വന്നിരിക്കുന്നത്. വോയിസ് മെസേജ് അയക്കുന്നതല്ലാതെ അടുത്ത കാലത്തൊന്നും ഇവര്‍ ഫോണ്‍വിളിച്ചിട്ടില്ല.

ഇവരുടെ വോയിസ് മെസേജ് ലഭിക്കുന്ന ബന്ധുക്കളുടെ ഫോണുകള്‍ കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

അതേസമയം കേരളത്തില്‍ കാണാതായ മലയാളികളുടെ ഐഎസ് ബന്ധം സംശയിക്കുന്ന കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട് 17 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രാജ്യാന്തര ബന്ധമുള്ള കേസുകളായതിനാല്‍ സംസ്ഥാന പോലീസിന് അന്വേഷിക്കുന്നതിന് പരിമിതിയുണ്ട്. ഇതുകാരണം ഈകേസുകള്‍ എന്‍ഐഎ ഏറ്റെടുക്കണമെന്ന് സംസ്ഥാന പോലീസ് ഔദ്യോഗികമായി തന്നെ ആവശ്യപ്പെട്ടേക്കും.

ഇതുകൂടാതെ മറ്റേതെങ്കിലും മലയാളികള്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടോയെന്ന് അറിയുന്നതിനായും അന്വേഷണം നടക്കും.സംശയാസ്പദമായി കാണാതായ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ നേരത്തെ തന്നെ സംസ്ഥാന പോലീസ് മേധാവി എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും നിര്‍ദേശം നല്‍കിയിരുന്നു.

നിരവധി കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഐഎസ് ബന്ധം സംശയിക്കുന്ന കേസുകള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചു വരികയാണ്. ഇതില്‍ കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതിനാല്‍ സംശയിക്കുന്ന കേസുകള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

കേന്ദ്ര ഏജന്‍സിയാണ് കേരളത്തിലെ ഐഎസ് ബന്ധം സംശയിക്കുന്ന കേസുകള്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്. സംസ്ഥാന പോലീസ് ഇവരെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. കരസേന ഉദ്യോഗസ്ഥയുടെ കാണാതായ മകളും ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നുണ്ട്. മകളെ കാണാതായതുമായി ബന്ധപ്പെട്ട് ഇവര്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Top