അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണം; കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ പരിശോധന ഇന്ന് മുതൽ

ഡൽഹി: അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങളിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഇന്നുമുതൽ പരിശോധന ആരംഭിക്കും. അദാനി ഗ്രൂപ്പ് സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും അടക്കമാകും പരിശോധിക്കുക.

കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരമാണ് പ്രാഥമിക നടപടി. അദാനിയുടെ സാമ്പത്തിക രേഖകളും സെബിക്ക് സമർപ്പിച്ചിരിക്കുന്ന വിശദാംശങ്ങളും പരിശോധിക്കും. പരിശോധനയുടെ ഭാഗമായി കൂടുതൽ രേഖകൾ ആവശ്യപ്പെടാൻ ഈ സെക്ഷൻ പ്രകാരം അധികാരമുണ്ട്. ഓഹരി വിലയിൽ വൻ കൃത്രിമം കാണിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ നടക്കുന്ന ആദ്യ അന്വേഷണമാണിത്.

അദാനി ഗ്രൂപ്പിനെതിരേയുള്ള ആരോപണങ്ങൾ സംയുക്തപാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു. ജനുവരി അവസാനവാരമാണ് അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത്. അദാനിക്ക് സാമ്പത്തിക പിന്തുണ നൽകിയവരുടെ വിശദാംശങ്ങൾ ആർബിഐയും തേടിയിട്ടുണ്ട്.

Top