കോവിഡ് വാക്‌സിന്‍ അടുത്തവര്‍ഷം ആദ്യംതന്നെ; കേന്ദ്രആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ അടുത്തവര്‍ഷം ആദ്യത്തില്‍തന്നെ ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. മരുന്നിനെ കുറിച്ച് ജനങ്ങളില്‍ വിശ്വാസമുണ്ടാക്കാന്‍ വാക്സിന്റെ ആദ്യ ഡോസ് താന്‍ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി.

എപ്പോഴാണ് കോവിഡ് വാക്സിന്‍ തയ്യാറാവുന്നതെന്ന് കൃത്യമായി പറയാനാവില്ല. 2021 ആദ്യ പാദത്തില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിക്കുന്നതിന് എല്ലാ സുരക്ഷാമുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വാക്സിന്‍ സുരക്ഷിതത്വം, ഉത്പാദനം, വില, വിതരണം തുടങ്ങിയവയെക്കുറിച്ച് വളരെ ആഴത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നു.

വാക്സിന്‍ ഏറ്റവുമധികം ആവശ്യമുള്ളവര്‍ക്കാകും ആദ്യം നല്‍കുക. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, രോഗസാധ്യത കൂടുതലുള്ള മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാവും ആദ്യം വാക്സിന്‍ ലഭ്യമാക്കുക. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഇന്ത്യയില്‍ നിരവധി വാക്സിന്‍ പരീക്ഷണങ്ങള്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഏതാണ് ഏറ്റവും ഫലപ്രദമായി വരികയെന്ന് പറയാനാവില്ല. 2021 തുടക്കത്തോടെ തീര്‍ച്ചയായും പരീക്ഷണങ്ങളുടെ ഫലങ്ങള്‍ അറിയാം. വാക്സിന്‍ വികസിപ്പിക്കുന്നത് നിരീക്ഷിക്കാനായി ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. പരീക്ഷണം പൂര്‍ത്തിയായി വിജയം കണ്ടാല്‍ വാക്സിന്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് ആവശ്യപ്പെടും വാക്സിന്‍ ആദ്യം ആര്‍ക്ക് കൊടുക്കണമെന്നത് സംബന്ധിച്ച് മുന്‍ഗണനാപട്ടിക തയ്യാറാക്കുന്നുണ്ട്. രോഗസാധ്യത കൂടുതലുള്ള, വാക്സിന്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ക്കാവും ആദ്യം മരുന്ന് ലഭ്യമാക്കുന്നത്. വാക്സിന്റെ കാര്യക്ഷമത പരിശോധിക്കാന്‍ ആദ്യം മരുന്ന് സ്വീകരിക്കണമെങ്കില്‍ അതിന് ഞാന്‍ സന്തോഷത്തോടെ സന്നദ്ധനാവും. വാക്സിന്റെ വില സംബന്ധിച്ച് നിലവില്‍ ഒന്നും പറയാനാവില്ല. എന്നാല്‍ വില നോക്കാതെ ആവശ്യക്കാര്‍ക്ക് വാക്സിന്‍ ഉറപ്പുവരുത്തും-കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

Top