ധനക്കമ്മി നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ പണം ഉപയോഗിച്ചിട്ടില്ല; അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി; ധനക്കമ്മി നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ പണം ഉപയോഗിക്കുന്നുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ദരിദ്ര വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതെന്നാണ് ജയ്റ്റ്‌ലിയുടെ വിശദീകരണം. ധനക്കമ്മി നികത്താന്‍ റിസര്‍വ് ബാങ്കിന്റെ പണം ആവശ്യമില്ലെന്ന് ഉപധനാഭ്യര്‍ഥന ബില്ലിലുള്ള ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി.

നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൂടെ ലഭിച്ച അധിക വരുമാനം കര്‍ഷകര്‍, ഗ്രാമീണര്‍ എന്നിവരുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിച്ചുവെന്നും, ഗ്രാമീണ ജനതയ്ക്കായ് വൈദ്യുതിവല്‍ക്കരണം, ആരോഗ്യ പദ്ധതികള്‍ എന്നിവ നടപ്പാക്കിയെന്നും ജയ്റ്റ്‌ലി പറഞ്ഞു. കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവില ഒന്നരയിരട്ടിയാക്കി. കള്ളപ്പണക്കാരില്‍ നിന്നു പിടിച്ചെടുത്ത പണമാണ് ഇവയ്ക്ക് ഉപയോഗിച്ചതെന്നും ജയ്റ്റ്‌ലി വാദിച്ചു.

കിട്ടാക്കടം സംബന്ധിച്ച യഥാര്‍ഥ കണക്ക് പുറത്തുവിടാത്ത മുന്‍ യുപിഎ സര്‍ക്കാരിലെ അംഗങ്ങള്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ഇന്ത്യ ചൈനയെപ്പോലും മറികടന്ന വളര്‍ച്ച കൈവരിച്ചുവെന്നാണ് ജയ്റ്റ്‌ലി പറയുന്നത്.

Top