എയര്‍ ഇന്ത്യയ്ക്ക് ധന സഹായവുമായ് കേന്ദ്ര സര്‍ക്കാര്‍; നടപടി സ്വകാര്യ വത്കരിക്കപ്പെടുമെന്നുള്ള പേടി മൂലം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ 2300 കോടിയുടെ ഓഹരി നിക്ഷേപം നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.കടക്കെണിയിലായ എയര്‍ ഇന്ത്യയെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഓഹരി നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പാര്‍ലമെന്റിന്റെ അനുമതി തേടിയിരിക്കുകയാണിപ്പോള്‍.

വിവിധ സമയത്ത് എയര്‍ ഇന്ത്യയെ ലേലത്തില്‍ വച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ആദ്യ ഘട്ടത്തില്‍ ചില വിദേശ കമ്പനികള്‍ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാമെന്ന് അറിയിച്ചെങ്കിലും പിന്നീട് ഇവരും പിന്മാറി. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യ സ്വകാര്യ വത്കരിക്കപ്പെടുമെന്നുള്ള ഭയത്തിന്റെ പുറത്താണ് ധനസഹായ നീക്കങ്ങള്‍ നടക്കുന്നത് എന്നാണ് വിലയിരുത്തല്‍.

നിലവില്‍ 52,000 കോടി രൂപയുടെ കടബാധ്യതകളുള്ള എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും സര്‍ക്കാരിന്റെ കൈവശമാണുള്ളത്. ഇതില്‍ 76 ശതമാനം വിറ്റഴിക്കാനാണ് നേരത്തെ സര്‍ക്കാര്‍ നീക്കം നടത്തിയത്. എന്നാല്‍ ഓഹരികള്‍ വിറ്റഴിച്ച് പണം നേടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മോഹങ്ങള്‍ നടപ്പിലായില്ല. തുടര്‍ന്നാണ് എയര്‍ ഇന്ത്യയെ രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങിയത്.

Top