‘സൈന്‍ ലേണ്‍’ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍

പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി ഇന്ത്യന്‍ സര്‍ക്കാര്‍.10,000 വാക്കുകള്‍ അടങ്ങിയ സൈന്‍ ലേണ്‍ എന്ന ഇന്ത്യന്‍ ആംഗ്യഭാഷ (ഐഎസ്‌എല്‍) നിഘണ്ടു മൊബൈല്‍ ആപ്ലിക്കേഷന്‍ വെള്ളിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.

സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി പ്രതിമ ഭൂമിക്കാണ് പുതിയ ആപ്പ് പുറത്തിറക്കിയത്. 10,000 വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ആംഗ്യഭാഷാ ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ (ISLRTC) ഇന്ത്യന്‍ ആംഗ്യഭാഷാ നിഘണ്ടു അടിസ്ഥാനമാക്കിയുള്ളതാണ് സൈന്‍ ലേണ്‍. ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളില്‍ ആപ്പ് ലഭ്യമാണെന്നും ഐഎസ്‌എല്‍ നിഘണ്ടുവിലെ എല്ലാ വാക്കുകളും ഹിന്ദിയിലോ ഇംഗ്ലീഷിലോ സെര്‍ച്ച്‌ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. ആപ്പിന്റെ സൈന്‍ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനവസരമുണ്ട്.

“ഐ‌എസ്‌എല്‍ നിഘണ്ടു എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനും വേണ്ടിയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ ഇന്ത്യന്‍ ആംഗ്യഭാഷയിലേക്ക് (ഡിജിറ്റല്‍ ഫോര്‍മാറ്റ്) മാറ്റുന്നുണ്ട്. ഇതിനായി 2020 ഒക്ടോബര്‍ ആറിന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച്‌ ആന്‍ഡ് ട്രെയിനിംഗ് (NCERT) യുമായി ഐഎസ്‌എല്‍ആര്‍ടിസി (ISLRTC) അടുത്തിടെ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

കേള്‍വി വൈകല്യമുള്ള കുട്ടികള്‍ക്കും ഇത് പ്രയോജനപ്രദമാകും. ഈ വര്‍ഷം, ആറാം ക്ലാസിലെ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളുടെ ഐഎസ്‌എല്‍ ഇ-ഉള്ളടക്കം പുറത്തിറക്കിയതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആസാദി കാ അമൃത് മഹോത്സവത്തിന് കീഴില്‍, നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ വീര്‍ഗാഥ സീരീസില്‍ തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ ഐഎസ്‌എല്‍ പതിപ്പുകള്‍ കേന്ദ്രം പുറത്തിറക്കിയിരുന്നു. ഐഎസ്‌എല്‍ആര്‍ടിസിയും എന്‍സിഇആര്‍ടിയും സംയുക്തമായാണ് ഇന്ത്യന്‍ ആംഗ്യഭാഷയില്‍ 500 അക്കാദമിക് വാക്കുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ചരിത്രം, ശാസ്ത്രം, രാഷ്ട്രമീമാംസ, ഗണിതശാസ്ത്രം എന്നിവയില്‍ പലപ്പോഴും ഉപയോഗിക്കപ്പെടുന്ന ഈ അക്കാദമിക് വാക്കുകള്‍ സെക്കന്ററി തലത്തിലേക്കുള്ളതാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top