പിണറായി പിടിമുറുക്കുകയാണെങ്കിൽ, കേന്ദ്ര സർക്കാർ ശരിക്കും വെട്ടിലാകും

കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തിയുള്ള സാഹസത്തിന് കേന്ദ്ര സര്‍ക്കാര്‍ മുതിര്‍ന്നാല്‍ തിരിച്ചടിക്കാന്‍ സംസ്ഥാന സര്‍ക്കാറും പദ്ധതി തയ്യാറാക്കുന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ ഒരു തരത്തിലുള്ള എതിര്‍പ്പും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. എന്നാല്‍ അതിനും അപ്പുറം പ്രതികാര നടപടിയുണ്ടായാല്‍ നോക്കി നില്‍ക്കുകയുമില്ല. സി.പി.എം നിലപാടും ഇതു തന്നെയാണ്. ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവന്‍ തന്നെ അത് അനുഭവിച്ച് കൊള്ളണമെന്നതാണ് സി.പി.എം നിലപാട്. കുറ്റവിമുക്തനാകുന്നത് വരെ പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ പോലും പങ്കെടുക്കാന്‍ അനുവദിക്കുകയുമില്ല. ഇക്കാര്യത്തില്‍ കര്‍ശനമായ നിര്‍ദ്ദേശം സി.പി.എം കേന്ദ്ര നേതൃത്വം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നല്‍കിയിട്ടുണ്ട്.

ബിനീഷുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംസ്ഥാന ഇന്റലിജന്‍സും നിലവില്‍ പരിശോധിക്കുന്നുണ്ട്. ഇതു സംബന്ധമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതലായി എന്തെങ്കിലും നടപടി സ്വീകരിക്കേണ്ടതുണ്ടെങ്കില്‍ അതും സ്വീകരിക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. അതേസമയം സര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കാനും നേതാക്കളെ കുരുക്കാനും കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചാല്‍ കേന്ദ്രത്തിനു വേണ്ടപ്പെട്ടവരും ഇനി കുരുക്കിലാകും. സംസ്ഥാനത്തെ സംഘ പരിവാര്‍ നേതാക്കള്‍ക്കെതിരെ അനവധി കേസുകള്‍ നിലവിലുണ്ട്. ഇതില്‍ മിക്കതും ജാമ്യം പോലും ലഭിക്കാത്ത കേസുകളാണ്. ഇതിന്റെ എല്ലാം വിശദാംശങ്ങള്‍ ആഭ്യന്തര വകുപ്പ് ശേഖരിച്ച് വരികയാണ്. സംസ്ഥാനത്തെ ചില ബി.ജെ.പി നേതാക്കളുടെ അഴിമതി സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും സംസ്ഥാന ഇന്റലിജന്‍സ് പരിശോധിക്കുന്നുണ്ടെന്നാണ് സൂചന.

ബി.ജെ.പിയിലെ ചേരിപ്പോരിന്റെ ഭാഗമായി ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കള്‍ ഇതു സംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ കൈമാറുമെന്നാണ് സര്‍ക്കാറും പ്രതീക്ഷിക്കുന്നത്. ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്. ഇതിനു പുറമെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അടുത്ത ബന്ധമുള്ള മാതാ അമൃതാനന്ദമയീ മഠത്തിലെ ദുരൂഹ മരണങ്ങളിലും സംസ്ഥാന പൊലീസ് പിടിമുറുക്കും. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും വരെ നിശ്ചയിക്കാന്‍ ശേഷിയുള്ള ആര്‍.എസ്.എസ് മേധാവിക്കെതിരെ നിലപാട് എടുത്ത ചരിത്രമുള്ളതിനാല്‍ ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല.

പാലക്കാട്ടെ സ്വകാര്യ സ്‌കൂളില്‍ മോഹന്‍ ഭാഗവതിന് പതാക ഉയര്‍ത്താനുള്ള അനുമതി നിഷേധിച്ച സംഭവം കേന്ദ്ര സര്‍ക്കാറിനെ പോലും ഞെട്ടിച്ച സംഭവമാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ നീക്കം സംഘപരിവാറിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. മാതാ അമൃതാനന്ദമയീ മഠത്തിനെതിരെ എന്ത് ആരോപണമുയര്‍ന്നാലും ആദ്യം പ്രതിരോധിക്കാന്‍ വരാറുള്ളത് സംഘ പരിവാര്‍ സംഘടനകളാണ്. ചെറിയ ഒരു ഇടവേളക്ക് ശേഷം അടുത്തയിടെ വീണ്ടും അമൃതാനന്ദമയി മഠത്തില്‍ ദുരൂഹ മരണം നടന്നിട്ടുണ്ട്. ബ്രിട്ടീഷ് സ്വദേശിനിയായ സ്റ്റെഫേഡ്‌സിയോന എന്ന യുവതിയാണ് ഒടുവില്‍ മരിച്ചിരിക്കുന്നത്. കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് മഠം അധികൃതര്‍ പറയുന്നത്. ഇവര്‍ തൊട്ടുമുമ്പ് ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസും പറയുന്നുണ്ട്.

സംശയം ഉയര്‍ത്തുന്ന പ്രതികരണങ്ങളാണിത്. ടൂറിസ്റ്റ് വിസയില്‍ 2020 ജനുവരി 16ന് മഠത്തില്‍ എത്തിയ യുവതിയുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. നാട്ടിലേക്കെത്താന്‍ കഴിയാതിരുന്നതാണ് മാനസികാസ്വാസ്ഥ്യം ഉണ്ടാക്കിയതെന്നാണ് മഠം അധികൃതര്‍ അവകാശപ്പെടുന്നത്. മരണപ്പെട്ട ദിവസം ഉച്ചയ്ക്കും ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നു എന്നും പിന്നീട് രാത്രി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്താണ് ആത്മഹത്യ ചെയ്‌തെന്നുമാണ് മഠം അധികൃതര്‍ വിശദീകരിച്ചിരുന്നത്. ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും പ്രാര്‍ഥനക്ക് പോയി എന്ന വാദം തന്നെ യുക്തിക്ക് നിരക്കാത്തതാണ്. ഈ കൊറോണ കാലത്ത് എന്ത് കൂട്ട പ്രാര്‍ത്ഥനയാണുള്ളത് എന്നതിനും മഠം അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല.

നിലവില്‍ അമൃതാനന്ദമയി മഠത്തില്‍ എത്ര അന്തേവാസികളുണ്ട് ? അവരില്‍ വിദേശികള്‍ എത്ര ? സ്വദേശികള്‍ എത്ര? എന്നതിനും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ഈ സംഭവങ്ങള്‍ അതര്‍ഹിക്കുന്ന ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്യാത്ത മാധ്യമങ്ങളും കുറ്റകരമായ അനാസ്ഥയാണ് കാണിച്ചിരിക്കുന്നത്. ഒരു ചാനലും ഇതുസംബന്ധമായി അന്തി ചര്‍ച്ചകള്‍ പോലും നടത്തിയിരുന്നില്ല. സമഗ്രമായ ഒരന്വേഷണമാണ് ഈ മരണത്തിലും നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാറിന് മുന്നില്‍ ഈ ആവശ്യവും ഇപ്പോള്‍ നിലവിലുണ്ട്. 2014ലും ഇതേ മഠത്തില്‍ വച്ച് മറ്റൊരു വിദേശിയും ആത്മഹത്യ ചെയ്തിട്ടുണ്ട്. ജപ്പാന്‍ സ്വദേശിയായ ഓഷി ഇജിയെയാണ് ആശ്രമത്തിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. പതിനഞ്ച് വര്‍ഷമായി മഠത്തിലെ ഭക്തനായ ഓഷി ഇജിയുടെ മരണത്തിനും മാനസിക പ്രശ്‌നമാണ് മരണകാരണമായി മഠം ചൂണ്ടിക്കാട്ടിയിരുന്നത്. ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോലും ബന്ധുക്കള്‍ എത്തിയിരുന്നില്ല.

പരാതി ഇല്ലാത്തതിനാല്‍ ഈ മരണവും പിന്നീട് അന്വേഷിക്കപ്പെട്ടിരുന്നില്ല. ഇതുപോലെ തേവന്നൂര്‍ സ്വദേശി രാധാകൃഷ്ണന്‍ എന്നയാളും മഠത്തില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. മഠത്തിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് എഴുതിയായിരുന്നു രാധാകൃഷ്ണന്റെ ആത്മഹത്യ. ആത്മഹത്യാ കുറിപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും തപാല്‍ മാര്‍ഗം അയച്ച ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തിരുന്നത്. തിരുവനന്തപുരം വെള്ളാണി അമൃതശില്‍പകലാ ക്ഷേത്രത്തിലെ ബ്രഹമചാരിയായിരുന്നു ഇയാള്‍. രാധകൃഷ്ണന്റെ മരണത്തിലും കാര്യമായ അന്വേഷണമോ നടപടികളോ ഇതുവരെ ഉണ്ടായിട്ടില്ല. ആശ്രമത്തില്‍ വച്ച് നടന്ന മരണമല്ലെങ്കിലും 2012ല്‍, ബിഹാറിലെ ഗയ സ്വദേശിയായ സത്‌നാം സിങ്ഹിന്റെ മരണവും ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്.

അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി സത്‌നം സിങ്ങിനെ 2012 ഔഗസ്റ്റ് ഒന്നിനാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇയാളെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയുമുണ്ടായി. അവിടെ വെച്ചാണ് കൊല്ലപ്പെട്ടിരുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് തലയ്ക്ക് പിന്നില്‍ അടിയേറ്റാണ് സത്‌നാം സിങ് മരിക്കുന്നത്. മരണം നടന്ന് എട്ട് വര്‍ഷം കഴിഞ്ഞിട്ടും ഈ കേസില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കേസില്‍ സ്വതന്ത്രമായ അന്വേഷണമാവശ്യപ്പെട്ട് സത്നാമിന്റെ കുടുംബം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലുള്ള വിശദീകരണത്തില്‍ കേസന്വേഷണത്തില്‍ വീഴ്ച്ചപറ്റിയെന്ന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരും സമ്മതിച്ചിരുന്നു. അമേരിക്കന്‍ പൗരനായ മാരിയോ സപ്പോട്ടോ പോള്‍ എന്ന യുവാവും മഠത്തില്‍ വെച്ച് ക്രൂര മര്‍ദ്ദനങ്ങള്‍ക്കാണ് ഇരയായിരുന്നത്. ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേില്‍ പ്രവേശിപ്പിക്കുകയുമുണ്ടായി.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അമൃതാനന്ദമയി മഠം സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ സംഭവം. ഇതിനു പുറമെ അമൃതാനന്ദമയിയുടെ ബന്ധുവിന്റെ മരണം ഉള്‍പ്പെടെ പല കേസുകളിലും മഠത്തിന്റെ പങ്ക് ആരോപിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തുരന്വേഷണമോ നടപടികളോ ഒരു കേസിലും ഉണ്ടായിട്ടില്ല. ഈ ദുരൂഹ സംഭവങ്ങളുടെ പട്ടികയിലാണിപ്പോള്‍ ബ്രിട്ടീഷ് യുവതിയുടെ മരണവും ഇടം പിടിച്ചിരിക്കുന്നത്. മനസ്സിന് ശാന്തി നല്‍കുമെന്ന് അവകാശപ്പെടുന്നടത്ത് തന്നെ ഭക്തരുടെ മനോനില തെറ്റുന്നുണ്ടെങ്കില്‍ അതൊരു വിചിത്രമായ കാര്യം തന്നെയാണ്. ഇക്കാര്യങ്ങളിലെല്ലാം വ്യാപകമായ സംശയങ്ങളും നിലവിലുണ്ട്.

മഠത്തിലെ ‘ഇടപാടുകളും’ ദുരൂഹ മരണങ്ങളും പ്രത്യേക സംഘം അന്വേഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തുള്ളത്. ഇതിനായി സത്യസന്ധരായ ഉദ്യോഗസ്ഥരെ തന്നെ നിയോഗിക്കണമെന്നാണ് പൊതു പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. പുതിയ സാഹചര്യത്തില്‍ ഈ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ കാവിപ്പടയ്ക്കാണ് അത് വലിയ തിരിച്ചടിയാവുക.

Top