Central Govt to remove Panchayat Raj Ministry

ന്യൂഡല്‍ഹി: പഞ്ചായത്ത് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പത്ത് വര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച പഞ്ചായത്ത് രാജ് മന്ത്രാലയം നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ഫണ്ടുകളും മറ്റും വെട്ടിചുരുക്കി ഭാവിയില്‍ മന്ത്രാലയത്തെ ഗ്രാമീണകാര്യമന്ത്രാലയത്തിന് കീഴിലെ ഒരു വകുപ്പാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. കഴിഞ്ഞ വര്‍ഷം 7000 കോടി രൂപയായിരുന്നു മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചതെങ്കില്‍ ഈ വര്‍ഷം വെറും 96 കോടി രൂപയാണ് സര്‍ക്കാര്‍ പഞ്ചായത്ത് രാജ് മന്ത്രാലയത്തിനായി അനുവദിച്ചിരിക്കുന്നത്.

ത്രിതലസ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, പഞ്ചായത്ത് വികസനത്തിനാവശ്യമായ ഗവേഷണം, സെമിനാര്‍,ശില്‍പശാല എന്നിവയ്ക്ക് ഫണ്ടനുവദിക്കുക തുടങ്ങിയവയാണ് മന്ത്രാലയത്തിന്റെ ചുമതലകള്‍. പദ്ധതി വിഹിതം പാടെ വെട്ടിക്കുറച്ചതോടെ നിലവില്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്.

മന്ത്രാലയം നടപ്പാക്കി വന്നിരുന്ന രാജീവ് ഗാന്ധി പഞ്ചായത്ത് ശാക്തീകരണ്‍ അഭിയാന്‍, പിന്നോക്ക പ്രദേശ വികസന ഫണ്ട് എന്നീ പദ്ധതികള്‍ അധികാരമേറ്റത്തിന് പിറകേ മോദി സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു.

രാജ്യത്ത് സ്ഥിരം ഓഫീസ് സംവിധാനം ഇല്ലാത്ത 58,000ത്തോളം പഞ്ചായത്തുകളുണ്ടെന്നിരിക്കേ അപ്രതീക്ഷിതമായി പഞ്ചായത്ത് രാജ് മന്ത്രാലയം ഇല്ലാതാവുന്നത് അവയുടെ ഭാവിപ്രവര്‍ത്തനത്തെ തന്നെ ബാധിച്ചേക്കും എന്ന ആശങ്ക ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം മന്ത്രാലയം അടച്ചു പൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഗാന്ധിയന്‍ സ്വപ്‌നങ്ങള്‍ക്ക് ഏല്‍ക്കുന്ന വലിയ തിരിച്ചടിയാവും മന്ത്രാലയം അടച്ചു പൂട്ടൂന്ന നടപടിയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Top