central govt to hire 2.8 lakh more staff police, incometax, customs

modi

ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് ജോലി ഭാരമേറിയ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിസന്ധി മറിക്കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി.
ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനു പുറമെ പൊലീസ്,കസ്റ്റംസ് വിഭാഗങ്ങള്‍ക്കുമെല്ലാമായി 2.8 ലക്ഷം ജീവനക്കാരെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതുതായി നിയമിക്കുന്നത്.

ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരുടെ എണ്ണം 46,000 ത്തില്‍ നിന്ന് 80,000 ആക്കി അടുത്ത വര്‍ഷം മാര്‍ച്ചോടെ ഉയര്‍ത്തും. കള്ളപ്പണവേട്ട കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണിത്. നോട്ട് നിരോധനമടക്കമുള്ള നടപടികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള പരിശോധനകള്‍ക്കും മറ്റും ഉദ്യോഗസ്ഥരുടെ കുറവുണ്ടായത് കേന്ദ്ര സര്‍ക്കാരിനു തിരിച്ചടിയായിരുന്നു.

ഇന്‍കംടാക്‌സ്, കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് വകുപ്പുകളിലുമായി ജീവനക്കാരുടെ എണ്ണം 1.88 ലക്ഷമായി ഉയര്‍ത്താന്‍ 2016ല്‍ പദ്ധതിയിട്ടിരുന്നെങ്കിലും പുതിയ നിയമനം നടത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു.

വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ എണ്ണം 9,294 ല്‍ നിന്ന് 2018 ആകുമ്പോഴേക്കും 11,403 ആയി വര്‍ധിപ്പിക്കും. വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ജീവനക്കാരുടെ എണ്ണം രണ്ടു വര്‍ഷം കൊണ്ട് 2015 ല്‍ നിന്ന് 6258 ആയും ക്യാബിനറ്റ് സെക്രട്ടറിയേറ്റില്‍ 921 ല്‍ നിന്ന് 1218 ആയും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും.

സ്റ്റാഫ് നിയമനം കൂടുതല്‍ നടക്കുന്ന മറ്റൊരു വകുപ്പ് കസ്റ്റംസ് ആന്‍ഡ് എക്‌സൈസാണ്. ഈ വകുപ്പില്‍ 41,000 പേരെ പുതുതായി നിയമിക്കും. നിലവില്‍ കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് വകുപ്പില്‍ 50,600 ജീവനക്കാരാണുള്ളത്.

Top