കേന്ദ്ര സർക്കാറിനെതിരെ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്, പിന്നിൽ സി.പി.എം

കേന്ദ്ര സര്‍ക്കാരിനെതിരെ തൊഴിലാളികളെ രംഗത്തിറക്കി നേട്ടം കൊയ്യാന്‍ സി.ഐ.ടി.യു രംഗത്ത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ വിറ്റഴിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ചെമ്പട പുതിയ പോര്‍മുഖം തുറക്കുന്നത്.സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രക്ഷോഭം ശക്തമാക്കുന്നത്. സി.പി.എമ്മിന് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും സി.ഐ.ടി.യുവിന് നിലവില്‍ നല്ല ശക്തിയുണ്ട്.

ഇത് പ്രയോജനപ്പെടുത്തി കൂടുതല്‍ കരുത്താര്‍ജിക്കാനാണ് തൊഴിലാളി സംഘടനക്ക് സി.പി.എം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതോടൊപ്പം പാര്‍ലമെന്റില്‍ തിരക്കിട്ട് നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം നിന്ന് പ്രതിഷേധ കൊടി ഉയര്‍ത്താനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിരോധനിര ഉയര്‍ന്ന് വന്നില്ലെങ്കില്‍ താമസിയാതെ ഏകാധിപത്യ ഭരണത്തിലേക്ക് രാജ്യം പോകുമെന്നാണ് സി.പി.എം നല്‍കുന്ന മുന്നറിയിപ്പ്.

ദേശീയ അദ്ധ്യക്ഷനെ പോലും തിരഞ്ഞെടുക്കാന്‍ കഴിയാത്ത പ്രതിസന്ധിയില്‍ കോണ്‍ഗ്രസ്സ് പെട്ടിരിക്കുന്ന സാഹചര്യത്തില്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്.

തൊഴിലാളികളുടെ സംയുക്ത പോരാട്ടത്തിന് സി.ഐ.ടി.യു മുന്‍കൈ എടുക്കുമ്പോള്‍ ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ള സംഘടനകളും ഒപ്പം ചേരാനാണ് സാധ്യത. ഇതിനായി കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ അനുമതിക്കായി കാത്ത് നില്‍ക്കില്ലെന്ന് ഐ.എന്‍.ടി.യു.സി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

28 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികളാണ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും വിറ്റഴിക്കാന്‍ പോകുന്നത് . ഇവ പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കും വിധമാകും ഓഹരിവില്‍പ്പന എന്നാണ് ലഭിക്കുന്ന സൂചന. ഭൂസ്വത്തടക്കം സഹസ്രകോടികള്‍ ആസ്തിയുള്ളവയാണ് വിറ്റഴിക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ മിക്കവയും.

സ്‌കൂട്ടേഴ്സ് ഇന്ത്യക്ക് ലഖ്നൗവില്‍ മാത്രം 150 ഏക്കറുണ്ട്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്‍പറേഷന് ഋഷികേശില്‍ എണ്ണൂറ് ഏക്കറിലേറെ സ്ഥലമാണുള്ളത്

എയര്‍ഇന്ത്യക്കും ഐടിഡിസിക്കും വന്‍നഗരങ്ങളിലടക്കം കണ്ണായ സ്ഥലങ്ങളില്‍ ഭൂമിയും ആസ്തിയുമുണ്ട്. ഓഹരിവില്‍പ്പനയിലൂടെ ഈ ആസ്തികളെല്ലാം ഇനി സ്വകാര്യകരങ്ങളിലാണെത്തുക.

രാജ്യസഭയില്‍ സിപിഎം അംഗം കെ കെ രാകേഷിന് നല്‍കിയ മറുപടിയില്‍ ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂറാണ് 28 സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയ്ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന കാര്യം അറിയിച്ചിരിക്കുന്നത്.

താഴ്ന്ന പരിഗണനമാത്രം ആവശ്യമായ മേഖലകളിലെ സ്ഥാപനങ്ങളാണ് ഈ പട്ടികയിലുള്ളത്. ഈ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ലാഭ-നഷ്ട മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. മത്സരവിപണി നിലനില്‍ക്കുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്ഥാപനങ്ങളാണിവ.

ഇതിനുപുറമെ മഹാരത്ന-മിനിരത്ന ശ്രേണിയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനും നീക്കം നടക്കുന്നുണ്ട്.

ഇത്തരം സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന ഏതുരീതിയിലാകണമെന്ന ഉപദേശം തേടി ധനമന്ത്രാലയം നിതി ആയോഗിനെയാണ് സമീപിച്ചിരിക്കുന്നത്.

നടപ്പുസാമ്പത്തിക വര്‍ഷം പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.

അഞ്ചുവര്‍ഷംകൊണ്ട് പൊതുമേഖലാ ഓഹരി വിറ്റ് 3.25 ലക്ഷം കോടി രൂപ സ്വരൂപീക്കും. ഒന്നാം മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷ ഭരണകാലയളവില്‍ പൊതുമേഖലാ ഓഹരി വിറ്റ് 2.80 ലക്ഷം കോടി രൂപയാണ് നേടിയിരുന്നത് .

കേന്ദ്രം വിറ്റഴിക്കുന്ന സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ് നാഷണല്‍ പ്രൊജക്ട് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍, എന്‍ജിനിയറിങ് പ്രൊജക്ട് ഇന്ത്യ, ബ്രിഡ്ജ് ആന്‍ഡ് റൂഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്, സ്‌കൂട്ടേഴ്സ് ഇന്ത്യ, സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ്,ഭാരത് എര്‍ത്ത് മൂവേഴ്സ്,ഫെറോ സ്‌ക്രാപ്പ് നിഗം,പവന്‍ ഹന്‍സ്,സിമന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, നഗര്‍നര്‍ സ്റ്റീല്‍ പ്ലാന്റ്,അലോയ് സ്റ്റീല്‍ പ്ലാന്റ്, സേലം സ്റ്റീല്‍ പ്ലാന്റ്, ഡ്രെഡ്ജിങ് കോര്‍പറേഷന്‍, എച്ച്എല്‍എല്‍ ലൈഫ്കെയര്‍, ഇന്ത്യന്‍ മെഡിസിന്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്‍പറേഷന്‍, കര്‍ണാടക ആന്റിബയോട്ടിക്സ്,കാംരജര്‍ തുറമുഖം, ഐടിഡിസി, റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍,ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയവയാണ് വിറ്റഴിക്കപ്പെടുന്നത്.

ഇതിനു പുറമെ എയര്‍ഇന്ത്യയും അഞ്ച് ഉപസ്ഥാപനങ്ങളും ഒരു സംയുക്ത സംരംഭവും കേന്ദ്ര സര്‍ക്കാരിന്റെ വിറ്റഴിക്കപ്പെടുന്ന ലിസ്റ്റിലുണ്ട്. ഈ നീക്കത്തിനെതിരെ വ്യക്തമായ പ്രതിഷേധമുയര്‍ത്താനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും പ്രക്ഷോഭത്തെ പിന്തുണക്കും .

പാര്‍ലമന്റിന്റെ പരിശോധനക്ക് വിധേയമാക്കാതെ നിയമങ്ങള്‍ തിരക്കിട്ട് പാസ്സാക്കുന്നതിനെതിരെയാണ് സി.പി.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത പോരാട്ടം. ഇക്കാര്യത്തില്‍ ആശങ്ക അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കത്തെഴുതി കഴിഞ്ഞിട്ടുണ്ട്.

കീഴ് വഴക്കങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പാര്‍ലമന്റിന്റെ സ്ഥിരം സമിതികളുടെയും സെലക്റ്റ് കമ്മിറ്റികളുടെയും പരിശോധനക്ക് വിധേയമാക്കാതെ നിയമം നിര്‍മിക്കുന്നതിനെതിരെ കടുത്ത രോഷം രേഖപ്പെടുത്തുകയാണെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ആരോഗ്യകരമായ പാരമ്പര്യങ്ങളില്‍നിന്നും പാര്‍ലമന്റ് തുടര്‍ന്നുവരുന്ന രീതികളില്‍നിന്നുമുള്ള വ്യതിചലനമാണ് നടക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.

14ാം ലോക്സഭയില്‍ 60 ശതമാനം ബില്ലുകളും 15ാം ലോക്സഭയില്‍ 71 ശതമാനം ബില്ലുകളും പാര്‍ലമന്ററി സമിതികളുടെ പരിശോധനക്കാണ് വിട്ടിരുന്നത്.

ഒന്നാം മോദി സര്‍ക്കാരാവട്ടെ, അധികാരത്തിലേറിയ 16ാം ലോക്സഭയില്‍ ഇത് 26 ശതമാനമായി കുറക്കുകയാണ് ചെയ്തിരുന്നത്.
ഇപ്പോഴത്തെ 17ാം ലോക്സഭ ഇകിനകം തന്നെ 14 ബില്ലുകള്‍ പാസാക്കികഴിഞ്ഞു. ഇതില്‍ ഒരു ബില്‍ പോലും പാര്‍ലമന്റെറി സമിതിക്കോ സെലക്ട് കമ്മിറ്റിക്കോ വിട്ടിട്ടില്ല. 11 ബില്ലുകള്‍ കൂടി സഭയില്‍ കൊണ്ടുവന്ന് പാസാക്കാനും നീക്കം നടക്കുന്നുണ്ട്.

പ്രതിപക്ഷ ശബ്ദം രാജ്യസഭയില്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ നടപടി വേണമെന്നും ഉപരാഷ്ട്രപതിയോട് പ്രതിപക്ഷം അവശ്യപ്പെട്ടിട്ടുണ്ട്.

‘നിയമത്തിന്റെ ആവശ്യകത തങ്ങള്‍ക്ക് ബോധ്യമുണ്ട്. എന്നാല്‍, അതിന്റെ ഭാഗമായി കീഴ് വഴക്കങ്ങള്‍ റദ്ദാക്കുന്നത് യഥാര്‍ഥലക്ഷ്യങ്ങളെ തമസ്‌കരിക്കുന്നതിന് തുല്യമാണെന്നും’ നേതാക്കള്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ഇടതുപക്ഷ പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, തെലുഗുദേശം, ബി.എസ്.പി, ആര്‍.ജെ.ഡി തുടങ്ങി 17 പാര്‍ട്ടികളുടെ നേതാക്കളാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.

ഏറെ വിവാദമായ വിവരാവകാശ നിയമ ഭേദഗതി ബില്‍ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയ ശേഷം അത് വിടാതിരിക്കാന്‍ എതിര്‍ത്ത് വോട്ടുചെയ്ത പാര്‍ട്ടികളും സര്‍ക്കാരിനെ സഹായിക്കാന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന പാര്‍ട്ടികളും വരെ ഈ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.


കേന്ദ്ര സര്‍ക്കാരിന്റെ ഏകാതിപത്യ നിലപാടിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന ബോധം വൈകിയാണെങ്കില്‍ പോലും ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്തുന്നിന്നും ഉണ്ടായിരിക്കുകയാണ്.

Staff Reporter

Top