ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി; നെല്ലിന് 100 രൂപ കൂടി

ഡൽഹി: ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രസർക്കാർ ഉയർത്തി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നൽകി. രാജ്യത്ത് നിന്ന് കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാനും തീരുമാനമുണ്ട്. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപ കൂട്ടി. ഇതോടെ ക്വിന്റലിന് 2024 രൂപയാണ് താങ്ങുവില.

കേരളത്തിൽ ഇക്കഴിഞ്ഞ ബജറ്റിൽ നെല്ലിന്റെ സംഭരണ വില 28 രൂപ 20 പൈസ ആയി ഉയർത്തിയിരുന്നു. ഇത് പ്രകാരം കേരളത്തിൽ ക്വിന്റലിന് വില 2820 രൂപയാണ്. കേരളം നിശ്ചയിച്ച നെല്ലിന്റെ ഉയർന്ന താങ്ങുവിലയിൽ 19.40 രൂപ കേന്ദ്രസർക്കാരിന്റെ വിഹിതമായിരുന്നു. അതായത് 1940 രൂപയാണ് ക്വിന്റലിന് കേന്ദ്രം നൽകി വന്നിരുന്ന വിഹിതം. ഇത് ഇനി മുതൽ 2024 രൂപയായി മാറും. അങ്ങിനെ വരുമ്പോൾ കേരളം ഇതനുസരിച്ച് താങ്ങുവില ഉയർത്തിയാൽ മാത്രമേ കേരളത്തിലുള്ള നെൽക്കർഷകർക്ക് അത് നേട്ടമാകൂ.

Top