44 കോടി ഡോസ് വാക്‌സിന്‍ കൂടി വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രം 44 കോടി കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നു. സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും 25 കോടി ഡോസ് കോവിഷീല്‍ഡും ഭാരത് ബയോടെകില്‍ നിന്ന് 19 കോടി ഡോസ് കോവാക്സിനും പുതുതായി വാങ്ങാനാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. സൗജന്യ വാക്‌സിന്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇക്കാര്യം കേന്ദ്രം വെളിപ്പെടുത്തിയിരിക്കുന്നത്.

സിറം ഇന്‍സ്റ്റിറ്റിയൂട്ടിനും ഭാരത് ബയോടെക്കിനും വാക്‌സിന്‍ തുകയുടെ 30 ശതമാനം അഡ്വാന്‍സ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു. ആഗസ്റ്റ് മുതലാണ് വാക്‌സിന്‍ ലഭിച്ച് തുടങ്ങുക. ഇതിന് പുറമെ ബയോളജിക്കല്‍ ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്‌സിന് കഴിഞ്ഞയാഴ്ച കേന്ദ്രം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അത് സെപ്തംബറോടെ ലഭിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ നയം നടപ്പിലാക്കാന്‍ 50,000 കോടി ചെലവു വരുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 

Top