കേന്ദ്രവുമായുള്ള ചര്‍ച്ച മുഖ്യ അജണ്ട; കര്‍ഷക സംഘടനകളുടെ നിര്‍ണ്ണായക യോഗം ഇന്ന്‌

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ നിര്‍ണായക യോഗം ഇന്ന്. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് സിംഗുവിലാണ് യോഗം ചേരുക. സമരത്തിലുള്ള എല്ലാ സംഘടനകളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. ജനുവരി 26-ന് പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടര്‍ മാര്‍ച്ച് സംബന്ധിച്ചുള്ള വിലയിരുത്തലും ചര്‍ച്ചയില്‍ ഉണ്ടാകും. മകരസംക്രാന്തിദിനത്തില്‍ കര്‍ഷകനിയമത്തിന്റെ പകര്‍പ്പുകള്‍ കത്തിച്ച് പ്രതിഷേധിക്കാനും കര്‍ഷകസംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയില്‍ നാളെഹര്‍ജി സമര്‍പ്പിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇനി എല്ലാം കോടതി തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഇരുപക്ഷവും സമവായത്തിനോ ഒത്തുതീര്‍പ്പിനോ വഴങ്ങാത്ത സാഹചര്യത്തിലാണിത്. ഒമ്പതാംവര്‍ട്ടചര്‍ച്ച ജനുവരി 15-നാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

41 സംഘടനകളാണ് നിലവില്‍ ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ നടക്കുന്ന സമരത്തിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാരിനെ അനുകൂലിക്കുന്ന സംഘടനകളെയും ഈ സമിതിയിലേക്ക് അങ്ങനെ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. നിയമങ്ങളില്‍ ചര്‍ച്ച നടത്താന്‍ സമിതി രൂപീകരിക്കുകയടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയാണെങ്കില്‍ നടപടികള്‍ ഇനിയും വൈകും. അടുത്ത പാര്‍ലമെന്റ് സമ്മേളനം വരെ ഇക്കാര്യത്തില്‍ ധാരണയാക്കാതെ നീട്ടിക്കൊണ്ടു പോകാനാണ് കേന്ദ്രം ശ്രമിക്കുക.

അതേസമയം, സമരം ശക്തമായി തുടരുമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. സമര രംഗത്തെ ഒരു കര്‍ഷകന്‍ കൂടി ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. പഞ്ചാബില്‍ നിന്നുള്ള അമരീന്ദര്‍ സിംഗ് എന്ന കര്‍ഷകനാണ് ജീവനൊടുക്കിയത്. നടി സ്വര ഭാസ്‌കര്‍ അടക്കമുള്ളവര്‍ ഇന്നലെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിംഗുവിലെ സമരപ്പന്തലില്‍ എത്തിയിരുന്നു.

Top