ആരോഗ്യ സേതു ആപ്പ് ഓപ്പണ്‍ സോഴ്‌സ് ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് ട്രാക്കിംഗ് ആപ്ലിക്കേഷന്‍ ആയ ആരോഗ്യ സേതുവിന്റെ സോഴ്‌സ് കോഡ് പൊതു ജനത്തിന് ലഭ്യമാക്കാന്‍ തീരുമാനമായി. ഇന്ന് അര്‍ദ്ധരാത്രിയോടെ ആപ്ലിക്കേഷന്റെ ആന്‍ഡ്രോയ്ഡ് പതിപ്പിന്റെ സോഴ്‌സ് കോഡ് ഗിറ്റ് ഹബ്ബില്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആപ്ലിക്കേഷനെക്കുറിച്ച് പലപ്പോഴായി ഉയര്‍ന്ന ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയെന്നോണമാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം.

ആപ്പിന്റെ ആപ്പിള്‍ ഐഓഎസ്, കായ് ഓഎസ് ( ജിയോ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റം) പതിപ്പുകളും വൈകാതെ ഓപ്പണ്‍ സോഴ്‌സ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആപ്ലിക്കേഷന്റെ സുരക്ഷയെക്കുറിച്ചും, സ്വകാര്യതയ്ക്ക് മേലുള്ള കടന്ന് കയറ്റത്തെക്കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സോഴ്‌സ് കോഡ് ലഭ്യമാവുന്നതോടെ സാധ്യത തെളിയുകയാണ്.

പല സ്വതന്ത്ര സൈബര്‍ സുരക്ഷാ വിദഗ്ധരും ഇക്കാര്യം പല തവണ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ മാസത്തിലാണ് കേന്ദ്രം ആരോഗ്യ സേതു എന്നപേരില്‍ ഒരു ആപ്പ് പുറത്തിറക്കുന്നത്. പതിനൊന്ന് കോടി ഉപഭോക്താക്കള്‍ ഇത് വരെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞുവെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

ലൊക്കേഷന്‍ ഡാറ്റയും, ബ്ലൂ ടൂത്ത് ബന്ധവും ഒക്കെ നല്‍കേണ്ടതുണ്ട് ഈ സോഫ്റ്റ്വെയര്‍ എന്നതിനാല്‍ പലരും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മടിക്കുന്ന സാഹചര്യവും നിലവിലുണ്ട്. നിലവില്‍ ആഭ്യന്തര വിമാനയാത്രക്ക് ആപ്പ് നിര്‍ബന്ധമാണ്. ആപ്പ് സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്തുന്നുവെന്നും വിവരങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നതില്‍ ആശങ്കയുണ്ടെന്നും പല വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.

Top