Central Govt cancels 200 crore green fine on Adani Group

ന്യൂഡല്‍ഹി: പരിസ്ഥിതി നിയമലംഘനവുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാര്‍ അദാനി പോര്‍ട്‌സ് ആന്റ് സെസിന് ചുമത്തിയ 200 കോടി രൂപയുടെ പിഴ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് പിഴ ശിക്ഷ പിന്‍വലിച്ച് ഉത്തരവിട്ടത്.

രാജ്യത്ത് പരിസ്ഥിതി നിയമലംഘനത്തിന്റെ പേരില്‍ ചുമത്തിയ ഏറ്റവും വലിയ പിഴയാണിത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഗുജറാത്തിലെ മുന്ദ്രയില്‍ 2009ല്‍ കമ്പനിയുടെ നദീതട വികസന പദ്ധതിയുമായി ബന്ധപ്പെട്ട് നല്‍കിയ പാരിസ്ഥിതിക അനുമതി പരിസ്ഥിതി മന്ത്രാലയം നീട്ടിനല്‍കുകയും ചെയ്തിട്ടുണ്ട്.

പാരിസ്ഥിതിക അനുമതി നീട്ടുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പലതിനും ഇളവ് അനുവദിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ വഴിവിട്ട നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2015 സെപ്റ്റംബറിലാണ് പിഴ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്. 2015 ഒക്ടോബറിലാണ് പരിസ്ഥിതികാനുമതി നീട്ടിക്കൊണ്ടുള്ള ഉത്തരവ് നല്‍കിയത്.

മുന്ദ്ര പദ്ധതിക്കെതിരെ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് നിയോഗിച്ച സമിതി പദ്ധതിയില്‍ നിരവധി നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

പ്രദേശത്തെ ജൈവവ്യവസ്ഥയ്ക്ക് വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്നും പ്രദേശത്തെ അരുവികള്‍ക്കും കണ്ടല്‍ക്കാടുകള്‍ക്കും നാശം സംഭവിച്ചെന്നും കണ്ടെത്തിയിരുന്നു.

ഈ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി ഇതെല്ലാം പൂര്‍വസ്ഥിതിയിലാക്കുന്നതിനു കൂടിയാണ് 200 കോടി രൂപയുടെ പിഴ വിധിച്ചത്.

എന്നാല്‍ നിയമലംഘനം നടന്നിട്ടില്ലെന്ന നിലപാടാണ് അദാനി പോര്‍ട്‌സ് ആന്റ് സെസ് സ്വീകരിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

Top