Central govt. agress to floor test in Uttarakhand

ന്യൂഡല്‍ഹി: രാഷ്ട്രപതിഭരണം തുടരുന്ന ഉത്തരാഖണ്ഡില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തോടെ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

മേല്‍ നോട്ടത്തിനായി സുപ്രീം കോടതി ഒരു നിരീക്ഷകനെ ഏര്‍പ്പെടുത്തണമെന്നും എന്നാല്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി വിരമിച്ച ഒരാളായിരിക്കണം നിരീക്ഷകനെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.

വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് അഭിപ്രായമറിയിക്കാന്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി ഇന്നുവരെയായിരുന്നു സമയമനുവദിച്ചത്.

ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് അധികാരത്തില്‍ തിരിച്ചെത്താന്‍ അര്‍ഹതയുണ്ടെന്ന ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് വി.കെ. ബിഷ്ടും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് ഹൈക്കോടതി വിധി സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറാന്‍ തയ്യാറെടുക്കവെയാണ് വിധി സ്റ്റേ ചെയ്തുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

മാര്‍ച്ച് 18ന് ഹരീഷ് റാവത്ത് മന്ത്രിസഭയിലെ ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ കൂറുമാറി ബി.ജെ.പി.ക്കൊപ്പം ചേര്‍ന്നതാണ് സംസ്ഥാനത്ത് പ്രതിസന്ധിയുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ബി.ജെ.പി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍ കൂറുമാറിയ എം.എല്‍.എ.മാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ ഹരീഷ് റാവത്ത് സര്‍ക്കാരിന് സഭയില്‍ വീണ്ടും മേല്‍ക്കൈ ലഭിക്കുമെന്ന നിലവന്നു.

മാര്‍ച്ച് 29ന് സഭയില്‍ വിശ്വാസവേട്ടുതേടാന്‍ റാവത്തിന് ഗവര്‍ണര്‍ കെ.കെ. പോള്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് രണ്ടു ദിവസം മുമ്പ് മാര്‍ച്ച് 27ന് കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

Top