അവലോകനയോഗത്തില്‍ പങ്കെടുത്തില്ല; മമതക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അവലോകനയോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നതില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. മമത ബാനര്‍ജിയുടെ പെരുമാറ്റം അഹങ്കാരവും കാര്‍ക്കശ്യവും നിറഞ്ഞതായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

യാസ് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ നിന്നാണ് മമത ബാനര്‍ജി വിട്ടു നിന്നത്. വിമാനത്താവളത്തില്‍ വെച്ച് 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച മാത്രമാണ് മമത നടത്തിയത്. കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് മമത പ്രധാനമന്ത്രിക്ക് കൈമാറി.

താങ്കള്‍ക്ക് എന്നെ കാണണമെന്ന് അറിയിച്ചത് കൊണ്ടാണ് ഞാന്‍ വന്നത്. ഈ റിപ്പോര്‍ട്ട് താങ്കള്‍ക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ ഞാനും ചീഫ് സെക്രട്ടറിയും ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിന് പോകാനുള്ള അനുമതി നല്‍കണം’, എന്ന് മമത പ്രധാനമന്ത്രിയെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

പ്രധാനമന്ത്രിയുമായി വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തുന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നതായും എന്നാല്‍ വിമാനത്താവളത്തില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും മമത ബാനര്‍ജിയുടെ ഓഫീസ് പറയുന്നു.

പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനും മമതയ്ക്കുവേണ്ടി അര മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നത്. പ്രകൃതി ദുരന്ത സമയത്തുപോലും മമതയുടെ പ്രതികരണം പരിതാപകരവും നിലവാരം കുറഞ്ഞ രാഷട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

യോഗത്തിന് പ്രധാനമന്ത്രി എത്തിയപ്പോള്‍ ബംഗാള്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആരും ഉണ്ടായിരുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വളരെ തിടുക്കത്തില്‍ എത്തിയ മമത ബാനര്‍ജി ചുഴലിക്കാറ്റിന്റെ നാശനഷ്ടവുമായി ബന്ധപ്പെട്ട പേപ്പറുകള്‍ നല്‍കി വേഗം പോകുകയാണ് ചെയ്തത്.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു മുഖ്യമന്ത്രി, പ്രധാനമന്ത്രിയെയും ഗവര്‍ണറെയും പോലെ ഉന്നതവ്യകതികളോട് ഇത്തരത്തില്‍ അനാദരവ് കാണിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തി.

 

Top