കേന്ദ്ര സര്‍ക്കാരിന്റെ ‘മേരാ റേഷന്‍’ ആപ്പ് : അറിയണം ഇക്കാര്യങ്ങള്‍

കേന്ദ്ര ഭക്ഷ്യ വകുപ്പു പുറത്തിറക്കിയ പുതിയ ആപ്പാണ് ‘മേരാ റേഷന്‍’. നിലവില്‍ 32 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് ഇതു പ്രവര്‍ത്തിക്കുക. ശേഷിക്കുന്ന സംസ്ഥാനങ്ങളെ താമസിയാതെ ഉള്‍ക്കൊള്ളിക്കും. എന്നാല്‍, ഈ സേവനം 2019 ഓഗസ്റ്റ് മുതല്‍ നാലു സംസ്ഥാനങ്ങളില്‍ നിലവിലുണ്ടായിരുന്നു. ഇത് കൂടുതല്‍ സംസ്ഥാനങ്ങള്‍ക്കും മറ്റുമായി കഴിഞ്ഞ ഡിസംബറില്‍ അവതരിപ്പിക്കുകയായിരുന്നു. നിലവില്‍ മേരാ റേഷനില്‍ ഉള്‍പ്പെടുത്താത്ത സംസ്ഥാനങ്ങള്‍ അസം, ചത്തീസ്ഗഢ്, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവയാണ്.

ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് (എന്‍എഫ്എസ്എ) ന്റെ പരിധിയില്‍ വരുന്ന 69 കോടിയോളം പേര്‍ക്ക് പുതിയ ആപ് പ്രയോജനപ്രദമായിരിക്കും. ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക:

1. നിലവില്‍ മേരാ റേഷന് ആന്‍ഡ്രോയിഡ് ഒഎസില്‍ മാത്രമാണു ആപ്പുള്ളത്. ഏത് ഇന്ത്യന്‍ പൗരനും ആപ്പില്‍ റജിസ്റ്റര്‍ ചെയ്ത് ധാന്യങ്ങള്‍ വാങ്ങാം.
2. മേരാ റേഷന്‍ വഴി ഓരോ ഉപയോക്താവിനും റേഷനായി എന്തെല്ലാം ലഭിക്കുന്നുവെന്നു വ്യക്തമായി മനസ്സിലാക്കാം. കൂടാതെ, അടുത്തുള്ള റേഷന്‍ കട ഏതാണെന്നും അറിയാം. മറ്റെവിടേക്കെങ്കിലും മാറി താമസിക്കേണ്ടി വരുന്നവര്‍ക്ക് ഇത് വളരെ പ്രയോജനപ്രദമായിരിക്കുമെന്നു പറയുന്നു. ബയോമെട്രിക് ഓതന്റിക്കേഷനും സാധ്യമാണ്.
3. ആധാര്‍-കേന്ദ്രീകൃത ലോഗ്-ഇന്‍ ആണ് മേരാ റേഷനുള്ളത്. ഇത് നിലവില്‍ ഇംഗ്ലിഷ്, ഹിന്ദി ഭാഷകളാണ് സപ്പോര്‍ട്ട് ചെയ്യുന്നത്. താമസിയാതെ 14 പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തും.
4. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കി റജിസറ്റര്‍ ചെയ്യാം.

 

Top