ഫറൂഖ് അബ്ദുള്ളയെയും ഒമറിനേയും മോചിപ്പിക്കാം; പക്ഷേ ഒരു ഉപാധി മാത്രം!

ശ്രീനഗർ: ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെയും മകനും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ളയെയും കേന്ദ്രസർക്കാർ ഉപാധികളോടെ മോചിപ്പിച്ചേക്കും. സജീവ രാഷ്ട്രീയത്തിൽ നിന്ന് താൽക്കാലികമായി വിട്ട് നിൽക്കണമെന്ന ഉപാധിയോടെയാണ് ഇരുവരെയും മോചിപ്പിക്കുക. വ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറാണോ എന്ന് ആരായാൻ സർക്കാർ വൃത്തങ്ങൾ ഉടൻ ഇരുവരെയും സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ജമ്മുകശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി എടുത്തുകളയുന്നതിന് മുന്നോടിയായാണ് ഇവരെ കേന്ദ്രസർക്കാർ കരുതൽ തടങ്കലിലാക്കിയത്. 81കാരനായ ഫറൂഖ് അബ്ദുള്ളയെ ശ്രീനഗറിലെ വസതിയിലാണ് തടവിലാക്കിയത്. ഒമർ അബ്ദുള്ളയെ സമീപമുള്ള സർക്കാർ അതിഥി മന്ദിരത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.

ഇരുവരെയും ബ്രിട്ടണിൽ പോകാൻ അനുവദിക്കും. അവിടെയിരുന്നുകൊണ്ട് പാർട്ടിയിലെ മറ്റ് നേതാക്കൾ മുഖേനെ കശ്മീരിൽ രാഷ്ട്രീയപ്രവർത്തനം നടത്താൻ ഇവരെ അനുവദിക്കും.

ജമ്മു കശ്മീരിന് പ്രത്യേകാധികാരം ഉറപ്പ് നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം എടുത്തുകളഞ്ഞത് 2019 ഓഗസ്റ്റ് 5-ാം തീയതിയാണ്. അതിന് ഒരു ദിവസം മുമ്പേ, ജമ്മു കശ്മീരിലെ പ്രമുഖ നേതാക്കളെയും ഹുറിയത്ത് കോൺഫറൻസ് നേതാക്കളെയും വിഘടനവാദി സംഘടനാ നേതാക്കളെയും സൈന്യം വീട്ടു തടങ്കലിലാക്കിയിരുന്നു.

അതേസമയം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന ജമ്മു കശ്മീരിലെ മുതിർന്ന അഭിഭാഷകനായ നസീർ അഹ്മദ് റൊംഗ അടക്കം 26 പേരെ സർക്കാർ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ഇൻറർനെറ്റ് സേവനങ്ങൾക്ക് അടക്കം ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിൻറെ നടപടി.

Top