താങ്ങുവില നിലനിര്‍ത്തും; കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ വാഗ്ദാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. താങ്ങുവില നിലനിര്‍ത്തും, കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, കാര്‍ഷിക വിപണികളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും, വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും തുടങ്ങിയ ഉറപ്പുകളാണ് കേന്ദ്രം ഏഴുതി നല്‍കുക. കേന്ദ്ര കാബിനറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണ്. ഇന്ന് കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച റദ്ദാക്കിയെന്ന് സര്‍ക്കാര്‍ പറഞ്ഞു.

ഇന്നലെ അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലും ഫലം കാണാതിരുന്നതോടെ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകളെ നാളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ നിയമം പിന്‍വലിക്കുമെന്ന് ഉറപ്പുണ്ടെങ്കിലേ ചര്‍ച്ചയില്‍ പങ്കെടുക്കൂവെന്ന് കര്‍ഷകരുടെ നേതാവായ ബല്‍ദേവ് സിങ് സിര്‍സ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തിന് സമരസമിതിയുമായി ബന്ധമില്ല. അരവിന്ദ് കെജ്രിവാളിന്റേത് രാഷ്ട്രീയ നാടകമെന്നും സിര്‍സ പറഞ്ഞു.

കര്‍ഷകരുടെ സംഘടനകള്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ഇന്ന് യോഗം ചേരും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവര്‍ക്കൊപ്പം ഡിഎംകെ പ്രതിനിധിയുമുണ്ടാകും. 5 മണിക്ക് രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കാനാണ് തീരുമാനം.

Top