കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനുള്ള വിലക്ക് ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനുള്ള നിയമപരമായ വിലക്ക് ഒഴിവാക്കുമെന്ന ഉറപ്പുമായി കേന്ദ്രസര്‍ക്കാര്‍. ശനിയാഴ്ച കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണു കര്‍ഷകര്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്. കര്‍ഷകരുടെ ആവശ്യം അംഗീകരിക്കുന്നതായി തോമര്‍ പ്രഖ്യാപിച്ചു.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷക സംഘടനകളുടെ പ്രതിനിധികളും കമ്മിറ്റിയിലുണ്ടാകുമെന്നു കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ അവതരിപ്പിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരാന്‍ കിസാന്‍ മോര്‍ച്ച യോഗം തീരുമാനിച്ചു. അടുത്ത യോഗം ഡിസംബര്‍ നാലിനാണ്. അതുവരെ പുതിയ സമരങ്ങള്‍ ഉണ്ടാകില്ല. ആറ് ആവശ്യങ്ങള്‍ കാണിച്ചു പ്രധാനമന്ത്രിക്കു കത്തെഴുതിയെന്നും ഒരു മറുപടിയും വന്നില്ലെന്നും സംഘടന അറിയിച്ചു. ഈ രീതി ശരിയല്ലെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകുന്നില്ലെന്നും കിസാന്‍ മോര്‍ച്ച പ്രതിനിധികള്‍ അറിയിച്ചു.

 

Top