Central-government-trying-to-restrict-social-media

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ വഴി ഇനി എന്തും വിളിച്ചു പറയാം എന്ന സ്ഥിതിവിശേഷത്തിന് കടിഞ്ഞാണിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും അതിരുവിടുകയും ഇതുവഴി ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

അവ്യക്തവും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പിനു പകരം പിഴവില്ലാത്ത മറ്റൊരു വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

ഈ വകുപ്പ് റദ്ദാക്കിയതോടെ സമൂഹമാധ്യമങ്ങള്‍ വഴി ദേശസുരക്ഷയെ ബാധിക്കുന്നതും സമാധാന അന്തരീക്ഷം തകര്‍ക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയുന്നില്ലെന്ന പൊലീസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയും ഐടി നിയമം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. 66 എ വകുപ്പിലെ കര്‍ശന വ്യവസ്ഥകള്‍ക്കു പകരം താരതമ്യേന മയപ്പെടുത്തിയ വ്യവസ്ഥകളായിരിക്കും നിയമഭേദഗതിയില്‍ കൊണ്ടുവരിക.

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ഭേദഗതി നിര്‍ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂക്ഷ്മപരിശോധന നടത്തിവരികയാണ്. ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയാല്‍ ഐടി മന്ത്രാലയമായിരിക്കും മതിയായ കൂടിയാലോചനകള്‍ നടത്തി നിയമഭേദഗതി പാര്‍ലമെന്റില്‍ കൊണ്ടുവരിക.

അതേസമയം, സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വകുപ്പുകള്‍ പര്യാപ്തമാണെന്ന വാദവും ശക്തമാണ്. സമൂഹമാധ്യമങ്ങളില്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ നേരിടാന്‍ പുതിയ വകുപ്പ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

Top