central government trapped-congress support sasikala in tamilnadu

ചെന്നൈ: ഗവർണ്ണറെയും കേന്ദ്ര സർക്കാറിനെയും കൂട്ട് പിടിച്ച് ശശികലയുടെ സ്വപ്നം തകർത്ത് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള പനീർശെൽവത്തിന്റെ നീക്കങ്ങൾ ത്രിശങ്കുവിലായി.

തന്റെ പാളയത്തിൽ വിള്ളൽ വീഴുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സെങ്കോട്ടയ്യനെയും എടപ്പാടി പളനി സ്വാമിയെയും ഉയർത്തിക്കാട്ടി ശശികല ഇപ്പോൾ പയറ്റിയ തന്ത്രത്തിൽ പനീർശെൽവ വിഭാഗമാണ് വെട്ടിലായത്.

ഇനി മന്ത്രിസഭാ രൂപീകരണത്തിന് അണ്ണാ ഡിഎംകെയുടെ ആവശ്യത്തിന് ഗവർണ്ണർക്കും വഴങ്ങേണ്ടി വരും.

117 എം എൽ എ മാരുടെ പിന്തുണയാണ് അണ്ണാ ഡിഎംകെ മന്ത്രിസഭയുണ്ടാക്കാൻ ആവകാശപ്പെടുന്നത്. ഇതിനു പുറമെ കോൺഗ്രസ്സ് അംഗങ്ങളുടെ പിന്തുണയും ഉറപ്പാക്കും

രാഹുൽ ഗാന്ധിയുമായി ഇക്കാര്യം അണ്ണാ ഡിഎംകെ നേതാക്കൾ സംസാരിച്ചു കഴിഞ്ഞു. വിശ്വാസവോട്ട് തേടുന്ന അവസരത്തിൽ ഡിഎംകെയിൽ നിന്നും ഏതാനും പേരെ തങ്ങളുടെ പാളയത്തിലെത്തിക്കാനും ഇപ്പോൾ തന്നെ ശശികല വിഭാഗം ശ്രമമാരംഭിച്ചു കഴിഞ്ഞു.

ജയലളിതയുടെ പൊയസ് ഗാർഡനിൽ നിന്ന് കൂടി തന്നെ പുകച്ച് പുറത്ത് ചാടിക്കാൻ നടത്തിയ നീക്കവും ജയലളിതയുടെ മരണവുമായി ജുഡീഷ്യൽ അന്വേഷണം കാവൽ മുഖ്യമന്ത്രി പനീർശെൽവം പ്രഖ്യാപിച്ചതുമാണ് മുഖ്യമന്ത്രിമോഹം തൽക്കാലം ഉപേക്ഷിക്കാൻ ശശികലയെ പ്രേരിപ്പിച്ചത്.

ഒപ്പുള്ള എം എൽ എമാരെ പനീർശെൽവ വിഭാഗം ‘ചാക്കിട്ട് ‘പിടിച്ചു തുടങ്ങുകയും എംഎൽഎമാരെ താമസിപ്പിച്ച റിസോർട്ടുകളിൽ ഏത് സമയവും കേന്ദ്രസേനയുടെ സഹായത്തോടെ ഗവർണ്ണറുടെ ഇടപെടൽ ഉണ്ടാവുമെന്ന് വ്യക്തമാകുകയും ചെയ്തതോടെ ശശികല തീർത്തും പ്രതിരോധത്തിലാവുകയായിരുന്നു.

ഇതോടെയാണ് കളം മാറ്റി പിടിക്കാൻ ശശികല തീരുമാനിച്ചത്. എം എൽ എമാരെ കാണാനെത്തിയ അവർ നാടകീയമായി തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

സുപ്രീം കോടതിയിൽ നിലനിൽക്കുന്ന അവിഹിത സ്വത്ത് സമ്പാദന കേസിൽ അനുകൂല വിധി വന്നാൽ പിന്നീട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു കൈ നോക്കാം എന്നാണ് തീരുമാനം

അപ്രതീക്ഷിതമായ ശശികലയുടെ നീക്കത്തിൽ പനീർശെൽവ വിഭാഗം ഞെട്ടി തരിച്ചിട്ടുണ്ട്. ശശികലക്ക് സ്വാധീനമുള്ള ഒരു സർക്കാർ വരുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും അവർക്ക് കഴിയുന്നതല്ല.

അണ്ണാ ഡിഎംകെയെ ഗവർണ്ണർ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചാൽ വിശ്വാസവോട്ടിൽ പരാജയപ്പെടുത്തുക എളുപ്പമല്ലന്നും പണവും പദവികളും വാഗ്ദാനം ചെയ്ത് പ്രതിപക്ഷ എംഎൽഎമാരെ വരെ വരുതിയിലാക്കാൻ ശശികല വിഭാഗത്തിന് കഴിഞ്ഞേക്കുമെന്നതുമാണ് പനീർശെൽവ വിഭാഗത്തിന്റെ ആശങ്കക്ക് കാരണം.

അധികാരത്തിൽ വന്നാൽ പകയോടെ ശശികല വിഭാഗം പ്രവർത്തിക്കുമെന്നതും പനീർശെൽവ വിഭാഗത്തെ ഭയപ്പെടുത്തുന്ന ഘടകമാണ്.

എന്ത് വന്നാലും പരമാവധി എം എൽ എമാരെയും എംപിമാരെയും പ്രവർത്തകരെയും കൂടെ നിർത്താനുള്ള ശ്രമത്തിലാണ് കാവൽ മുഖ്യമന്ത്രിയും സംഘവുമിപ്പോൾ.

വരും മണിക്കൂറുകൾ തമിഴകത്തെ സംബന്ധിച്ച് അതിനിർണ്ണായകമാണ്.

Top