എക്‌സിലെ ചില അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലെ ചില അക്കൗണ്ടുകള്‍ക്കെതിരെയും പോസ്റ്റുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി കമ്പനി. എക്സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് പേജിലാണ് ഈ വിവരം പുറത്തുവിട്ടത്. ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയില്‍ മാത്രമായി വിലക്കുമെന്നും എന്നാല്‍ ഇത്തരം നടപടികളോട് തങ്ങള്‍ യോജിക്കുന്നില്ലെന്നും എക്സ് വ്യക്തമാക്കി. ഈ പോസ്റ്റുകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ബാധകമാണെന്നും എക്സ് പറയുന്നു.

മുമ്പ് ഡല്‍ഹിയില്‍ കര്‍ഷകപ്രക്ഷോഭം നടന്ന സമയത്ത് ഒട്ടേറെ അക്കൗണ്ടുകള്‍ ബ്ലോക്കുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ട്വിറ്റര്‍ ഇന്ത്യ കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.. അങ്ങനെ അക്കൗണ്ടുകള്‍ ഒന്നായി ബ്ലോക്കുചെയ്യാന്‍ ഐ.ടി.ആക്ടിലെ 69 എ വകുപ്പ് നിര്‍ദേശിക്കുന്നില്ലെന്നും അന്ന് കമ്പനി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വിമര്‍ശനത്തിന്റെ പേരില്‍ മാത്രം അക്കൗണ്ടുകള്‍ പൂര്‍ണമായി നീക്കം ചെയ്യാനാവില്ല എന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അവകാശംകൂടി ഉള്‍പ്പെടുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു കമ്പനി നിലപാട്.മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ വിലക്കാനും ഉള്ളടക്കം നീക്കം ചെയ്യാനും ട്വിറ്ററിന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ട്വിറ്ററിന്റെ മുന്‍ മേധാവി ജാക്ക് ഡോര്‍സിയുടെ ആരോപണവും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

നിയമപരമായ നിയന്ത്രണങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രസിദ്ധീകരിക്കാനാവില്ല. എന്നാല്‍ സുതാര്യത ഉറപ്പുവരുത്തേണ്ടത് അനിവാര്യമനായതിനാല്‍ അക്കാര്യം പരസ്യപ്പെടുത്തേണ്ടതുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും കമ്പനി പറഞ്ഞു. ഇതിന് മുമ്പും കേന്ദ്ര സര്‍ക്കാരും എക്സും തമ്മില്‍ ഇടഞ്ഞിട്ടുണ്ട്. അന്ന് ട്വിറ്റര്‍ എന്നപേരില്‍ മറ്റൊരു മാനേജ്മെന്റിന് കീഴിലായിരുന്നു കമ്പനി.തങ്ങളുടെ നിലപാടിന് അനുസൃതമായി അക്കൗണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യാനാവശ്യപ്പെട്ടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ ഒരു റിട്ട് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും എക്സ് വ്യക്തമാക്കി. നടപടിക്ക് വിധേയമായ അക്കൗണ്ട് ഉടമകളെ ഞങ്ങളുടെ നയങ്ങള്‍ക്ക് അനുസൃതമായി ആ വിവരം അറിയിച്ചുവെന്നും എക്സ് പറഞ്ഞു.

Top