ഇന്ത്യയിലെത്തുന്ന അഫ്ഗാനികള്‍ക്ക് ആറ് മാസത്തെ വിസ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് ആറ് മാസത്തെ വിസ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അഫ്ഗാനികള്‍ നിലവില്‍ ഇവിടേക്ക് വരുന്നത് ആറുമാസ വിസ പദ്ധതിയുടെ കീഴിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് ഉചിതമായ ആശയമല്ലെന്ന് ബാഗ്ചി കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനില്‍നിന്ന് ഇന്ത്യ ഇതുവരെ 552ല്‍ അധികം പേരെയാണ് രക്ഷപ്പെടുത്തിയിട്ടുള്ളത്. ആറു വ്യത്യസ്ത വിമാനങ്ങളിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കാബൂളില്‍നിന്നും ദുഷാന്‍ബെയില്‍നിന്നുമായിരുന്നു ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇതില്‍ 262ല്‍ അധികം പേര്‍ ഇന്ത്യക്കാരായിരുന്നു.

ഇ-വിസ ഉപയോഗിച്ചു മാത്രമേ അഫ്ഗാനില്‍നിന്നുള്ളവര്‍ ഇന്ത്യയിലേക്ക് വരാവൂ എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് 12നും 14നും ഇടയില്‍ അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ എംബസി അനുവദിച്ച 11,000ല്‍ അധികം വിസകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ആയിരത്തിലധികം വിസകള്‍ മോഷ്ടിക്കപ്പെട്ടതിനു പിന്നാലെയായിരുന്നു റദ്ദാക്കല്‍.  ഇതേത്തുടര്‍ന്നാണ് കേന്ദ്രം ഇ-വിസ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.

Top