കോവിഡ് പാക്കേജ്‌ സ്വകാര്യമേഖലയെ ലക്ഷ്യമിട്ടുള്ളത്‌: കര്‍ഷകര്‍

ന്യൂഡല്‍ഹി: കോവിഡ് പാക്കേജിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെല്ലാം കാര്‍ഷിക മേഖലയില്‍ സ്വകാര്യ-കോര്‍പ്പറേറ്റ് മേഖലകളുടെ സ്വാധീനം ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണവുമായി കര്‍ഷകര്‍ രംഗത്ത്.

വിത്തിടുമ്പോള്‍ സ്വകാര്യ പങ്കാളിത്തതോടെ വിളയുടെ വില നിശ്ചയിക്കാമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനം കാര്‍ഷിക മേഖലയില്‍ കരാര്‍ കൃഷി പ്രോത്സാപ്പിക്കുമെന്നാണ് കര്‍ഷകസംഘടനകളുടെ ആരോപണം.

കാര്‍ഷിക മേഖലയുടെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടിരൂപയുടെ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഒപ്പം വിളകളുടെ വില്‍പ്പനയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്ന പ്രഖ്യാപനങ്ങള്‍ കൂടി നടത്തി. ഇതനുസരിച്ച് കര്‍ഷകന്‍ ആര്‍ക്കുവേണമെങ്കിലും വിളകള്‍ വില്‍ക്കാം, ഏത് കമ്പനിയാണോ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് ആ കമ്പനിയുമായി വില നിശ്ചയിക്കാം. കര്‍ഷകനും വ്യവസായ സ്ഥാപനവും തമ്മില്‍ നേരിട്ടാണ് ബന്ധം. കര്‍ഷകനില്‍ നിന്ന് ഉല്പന്നങ്ങള്‍ സംഭരിക്കുകയും ശേഖരിച്ചുവെക്കുകയും ചെയ്യുന്നതിന് നിയമഭേദഗതി കൊണ്ടുവരും എന്നും കേന്ദ്ര പ്രഖ്യാപനത്തിലുണ്ട്.

ഇതോടെ ഉല്പന്നങ്ങളുടെ വില നിയന്ത്രണം സ്വകാര്യ കമ്പനികളുടെ കൈകളിലാകുമെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്. ലൈസന്‍സുള്ള വ്യാപാരികള്‍ക്ക് മാത്രമെ നിലവില്‍ കര്‍ഷകരില്‍ നിന്നും വിളകള്‍ സംഭരിക്കാനുള്ള അവകാശം ഉള്ളു . ഈ വ്യവസ്ഥയാണ് മാറ്റുന്നത്. രാജ്യത്ത് 85 ശതമാനം ചെറുകിട കര്‍ഷകരാണ് ഉള്ളത്. അതില്‍ വലിയൊരു ശതമാനം സ്വന്തമായി ഭൂമിയില്ലാത്ത പാട്ട കര്‍ഷകരാണ്. ഇവര്‍ക്ക് വേണ്ടിയിരുന്നത് വായ്പകള്‍ എഴുതി തള്ളുകയും കൃഷിയുമായി മുന്നോട്ടുപോകാനുള്ള സാമ്പത്തിക സഹായവുമായിരുന്നു. ഇതിനുള്ള പ്രഖ്യാപനം വരും ദിവസങ്ങളില്‍ വേണമെന്നും കര്‍ഷകര്‍ ആവശ്യമുന്നയിക്കുന്നു.

Top