നിര്‍ഭയ കേസ്; ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയിലേയ്ക്ക്

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാരിന്റെ നീക്കം. നിര്‍ഭയ പ്രതികളുടെ വധശിക്ഷ ഒന്നിച്ചു നടത്തണമെന്ന വിധിക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. .

അതേസമയം പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തുള്ള വിചാരണക്കോടതിയുടെ ഉത്തരവില്‍ ഇടപെടാനാകില്ലന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. പ്രതികള്‍ മനപ്പൂര്‍വ്വം ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് കൂടി കോടതി നിരീക്ഷിച്ചു. കൂടാതെ നിയമനനടപടികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന അന്ത്യശാസനയും കോടതി പ്രതികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇനിയും ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ബാക്കിയുള്ള പവന്‍ ഗുപ്ത, ഈ വിധിയനുസരിച്ച് അടുത്ത ഏഴ് ദിവസങ്ങള്‍ക്കകം രാഷ്ട്രപതിക്ക് ദയാഹര്‍ജിയും സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജിയും നല്‍കണം.

Top